| Saturday, 13th February 2021, 6:23 pm

പാര്‍വതിയുടെ 'വര്‍ത്തമാന'ത്തിലെ ആദ്യഗാനം പുറത്തുവിട്ട് മഞ്ജുവും റിമയും രമ്യയും നവ്യയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാര്‍വതി തിരുവോത്ത് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിലീസിനൊരുങ്ങുന്ന ചിത്രം ‘വര്‍ത്തമാനം’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നടിമാരായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, നവ്യ നായര്‍ എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ഗാനം പുറത്ത് വിട്ടത്. മികച്ച പ്രതികരണമാണ് ചിത്രത്തിലെ ഗാനത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സിദ്ധാര്‍ത്ഥ ശിവയാണ്. നേരത്തെ ചിത്രത്തിന്റെ ഫെബ്രുവരി അവസാന വാരം ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് തീയ്യതി മാര്‍ച്ച് 12ലേക്ക് മാറ്റിയിരുന്നു.

ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും.

സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്‌മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ദല്‍ഹിയിലെത്തുന്ന ‘ഫൈസാ സൂഫിയ’ എന്ന വിദ്യാര്‍ത്ഥിയായിട്ടാണ് പാര്‍വതി ചിത്രത്തില്‍ അഭിനയിക്കുന്നത്.

ദല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് ‘വര്‍ത്തമാനം’ ചിത്രീകരിച്ചത്. നേരത്തെ സിനിമക്ക് കേരള സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് വിവാദം ആയിരുന്നു.

ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നത്. പാര്‍വതി തിരുവോത്തിനെ കൂടാതെ റോഷന്‍ മാത്യുവും സിദ്ദീഖുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ അഴകപ്പന്‍, ഗാനരചന റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം ബിജിബാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സന്‍ പൊടുത്താസ്, പി.ആര്‍.ഒ. പി.ആര്‍.സുമേരന്‍

Content Highlight: First song of Varthamanam out through facebook pages of Actresses Rima Kallingal, Manju Warrier, Navya Nair, Ramya Nambeesan

We use cookies to give you the best possible experience. Learn more