കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന്റെ സീപ്ലെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഇന്ന് (ഞായറാഴ്ച) മൂന്ന് മണിയോടെ സീപ്ലെയിന്‍ പറന്നിറങ്ങി. വിമാനത്തിലെ പൈലറ്റുമാര്‍ക്കും ഇതര ജീവനക്കാര്‍ക്കും ടൂറിസം വകുപ്പ് സ്വീകരണം നല്‍കി.
തിങ്കളാഴ്ച (നവംബര്‍ 11) കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് സീ പ്ലെയിനിന്റെ ആദ്യ സര്‍വീസ്. മൂന്നാറിലെ മാട്ടുപ്പെട്ടി ഡാമിലാണ് സീപ്ലെയിന്‍ ഇറങ്ങുക.
നാളെ ബോള്‍ഗാട്ടി പാലസില്‍ നിന്ന് രാവിലെ 9.30ന് പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സീപ്ലെയിന്‍ യാത്ര ഫ്‌ലാ?ഗ് ഓഫ് ചെയ്യും.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് ‘ഡിഹാവ്‌ലാന്‍ഡ് കാനഡ’ സീപ്ലെയിന്‍ കൊച്ചിയിലെത്തിയത്. കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടര്‍ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വര്‍ധിപ്പിക്കുന്നതാണ് സീപ്ലെയിന്‍ പദ്ധതി.
നിലവില്‍ ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്ക് പുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ തുടങ്ങിയ ഇടങ്ങളിലും വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനത്തിന് പദ്ധതിയുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലാണ് സംസ്ഥാനത്ത് സീപ്ലെയിന്‍ പദ്ധതി ആരംഭിച്ചത്. ലാന്‍ഡ് റണ്‍വേയ്ക്ക് പകരം വെള്ളത്തില്‍ ടേക്ക് ഓഫ് നടത്തുകയും വെള്ളത്തില്‍ തന്നെ ലാന്‍ഡിങ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീപ്ലെയിനുകള്‍.
ഒമ്പത് മുതല്‍ 30 സീറ്റുകള്‍ വരെയുള്ള വിമാനങ്ങളാണ് സീപ്ലെയിനുകള്‍. കൊച്ചിയിലെത്തിയ ഡിഹാവ്‌ലാന്‍ഡ് കാനഡയില്‍ ഒമ്പത് സീറ്റുകളാണ് ഉള്ളത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളിലൂടെയാണ് യാത്രക്കാര്‍ വിമാനത്തിലേക്ക് കയറുക.
ഇന്നലെ പി.എ. മുഹമ്മദ് റിയാസ് കൊച്ചിയില്‍ നിന്നും ഇടുക്കിയിലേക്ക് ഇനി വെള്ളത്തില്‍ പറക്കാമെന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സീപ്ലെയിന്‍ പദ്ധതി വിനോദ സഞ്ചാര മേഖലയില്‍ കേരളത്തിന്റെ കുതിച്ച് ചാട്ടത്തിന് വേഗത പകരുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Content Highlight: First seaplane land at kochi