ക്വീന്‍ എന്ന സിനിമ കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. രണ്ടാമത്തെ ചിത്രമായ ജനഗണമനയിലൂടെയാണ് അദ്ദേഹം സിനിമാ പ്രേമികള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ എത്തിയ മൂന്നാമത്തെ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്. ഡിജോയും ഷാരിസും മൂന്നാം തവണയും തുടര്‍ച്ചയായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്ക് ശേഷം ഏറെ പ്രധാനപെട്ട വിഷയം തന്നെയാണ് തങ്ങളുടെ സിനിമയിലൂടെ ഇരുവരും പറയുന്നത്.
കേരളത്തിലും നമ്മുടെ രാജ്യത്തുമായി ഇന്ന് നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് മലയാളി ഫ്രം ഇന്ത്യ ചര്‍ച്ച ചെയ്യുന്നത്. മതം ഒരു രാജ്യത്തിന്റെ ഭരണഘടന ആയാല്‍ ആ രാജ്യം നശിക്കും എന്ന ആശയം വ്യക്തമായി ഈ സിനിമ പറയുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന വര്‍ഗീയ പ്രശ്‌നങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുന്നു.
സിനിമയുടെ ആദ്യ ഭാഗത്തില്‍ രാഷ്ട്രീയത്തില്‍ മതം ചേര്‍ത്താല്‍ അത് എളുപ്പം വേരുറക്കും എന്ന കാര്യം സിനിമ പറഞ്ഞു വെക്കുന്നു. രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ മതത്തിനപ്പുറം മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകുന്ന ആത്മബന്ധത്തെ കുറിച്ചാണ് മലയാളി ഫ്രം ഇന്ത്യ പറയുന്നത്. ഇന്ത്യ – പാക് ബന്ധവും, ദേശീയതയുമെല്ലാം സിനിമയിലൂടെ ചര്‍ച്ച ചെയ്യുന്നുണ്ട്.
ആദ്യം ഭാഗത്തില്‍ കുറച്ച് തമാശകളും രാഷ്ട്രീയത്തില്‍ കടന്നു വരുന്ന മതം ഉള്‍പ്പെടെയുള്ള കുറച്ചധികം സാമൂഹിക പ്രശ്‌നങ്ങളും പറയുമ്പോള്‍ രണ്ടാം ഭാഗത്തില്‍ കേരളം വിട്ട് അറബി നാട്ടില്‍ പോകുന്ന നായകനെയാണ് കാണിക്കുന്നത്. ആ സന്ദര്‍ഭത്തില്‍ ഈയിടെ ഇറങ്ങിയ ഒരു സിനിമയുടെ സ്പൂഫ് പോലെയൊക്കെ തോന്നിയേക്കാം.
ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ഒരു കഥാപാത്രത്തിലൂടെ പറഞ്ഞു വെക്കുകയാണ് ഡിജോ ചെയ്യുന്നത്. ആല്‍പറമ്പില്‍ ഗോപിയെന്ന കഥാപാത്രമായി മലയാളി ഫ്രം ഇന്ത്യയില്‍ നായകനായി എത്തിയത് നിവിന്‍ പോളിയാണ്.
നിവിന്‍ പോളിയുടെ തിരിച്ചു വരവാകുമെന്ന് പറഞ്ഞെത്തിയ ചിത്രം താരത്തിന്റെ തിരിച്ചു വരവാണ് എന്നതിനോട് പൂര്‍ണമായും യോജിക്കാന്‍ സാധിക്കില്ല. എങ്കിലും നിവിന്‍ പോളി ഈ സിനിമയുടെ പ്രധാനപെട്ട ഒരു ഘടകം തന്നെയാണ്.
നിവിന് അദ്ദേഹത്തിന്റെ സേഫ് സോണില്‍ നിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് ആല്‍പറമ്പില്‍ ഗോപിയുടേത്. തന്റെ എക്‌സ്പ്രഷനിലൂടെയും ഡയലോഗ് ഡെലിവര്‍ ചെയ്യുന്ന രീതിയിലൂടെയും നിവിന്‍ തന്റെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്.
സംഘിയായ ജോലിയില്ലാത്ത ഒരു ചെറുപ്പക്കാരനാണ് ഗോപി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആല്‍പറമ്പില്‍ ഗോപിയുടെ മാറ്റത്തെ കുറിച്ചാണ് സിനിമ പറയുന്നത്. മലയാളത്തില്‍ സംഘി നായകനാകുന്ന സിനിമകളില്‍ ഒന്നാണ് മലയാളി ഫ്രം ഇന്ത്യയെന്നത് ശ്രദ്ധേയമാണ്.
തുടക്കത്തില്‍ ഗോപി ഞങ്ങള്‍ പെട്രോളിന്റെ വില ഇനിയും കൂട്ടുമെന്ന് കുട്ടികളോട് പോലും പറയുന്നുണ്ട്. കര്‍ഷക സമരത്തെ കുറിച്ച് പറയുമ്പോഴും കര്‍ഷകനെ കാണുമ്പോഴും അയാളില്‍ ഒരു പുച്ഛമോ വെറുപ്പോ കാണുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യയെ കുറിച്ചും ജി.ഡി.പിയെ കുറിച്ചും ഇടയ്ക്കിടെ ഗോപി പറയുന്നുമുണ്ട്. ‘പാക്കിസ്ഥാനിലേക്ക് പോടാ’ എന്ന് കുട്ടികളോട് പോലും പറയാന്‍ മടിക്കാത്ത ആളാണ് ഗോപി.
എന്നാല്‍ സിനിമയുടെ അവസാനത്തിലേക്ക് വരുമ്പോള്‍ അത് ആകെ മാറിമറിയുന്നത് കാണാം. സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഗോപി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതും, ഒരു കര്‍ഷകനാകുന്നതും കാണാന്‍ സാധിക്കും. ചുരുക്കത്തില്‍ ഒരിക്കലും സ്വന്തം രാജ്യം വിട്ട് പുറത്തുപോകില്ലെന്ന് പറയുന്ന സംഘിയായ ഒരു ചെറുപ്പക്കാരന് ഉണ്ടാകുന്ന മാറ്റവും സിനിമ പറയുന്നു.
ചിത്രത്തില്‍ നിവിന്‍ പോളിക്ക് പുറമെ ധ്യാന്‍ ശ്രീനിവാസന്‍, ദീപക് ജേത്തി, മഞ്ജു പിള്ള, സലിം കുമാര്‍, ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ ഒന്നിക്കുന്നുണ്ട്. ധ്യാനിന്റെ അഭിനയം കുറച്ച് ഓവറായി തോന്നുമെങ്കിലും മല്‍ഘോഷ് എന്ന കഥാപാത്രത്തെ മോശമല്ലാതെ ചെയ്യാന്‍ ധ്യാന്‍ ശ്രമിച്ചിട്ടുണ്ട്.
സുമയായി മഞ്ജു പിള്ളയും ഹംസയായി സലിം കുമാറും എത്തുമ്പോള്‍ അവരുടെ മികച്ച പ്രകടനമാണ് കണ്ടത്. എന്നാല്‍ അനശ്വര രാജന്റെ കഥാപാത്രത്തിന് ഈ സിനിമയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല എന്നത് ഒരു പോരായ്മയായി തന്നെ തോന്നി.
സിനിമയില്‍ എടുത്ത് പറയേണ്ട കഥാപാത്രം ദീപക് ജേത്തിയുടേതാണ്. നിരവധി ബോളിവുഡ് സിനിമകളിലും ടി.വി. സീരീസുകളിലും അഭിനയിച്ച നടനാണ് ദീപക് ജേത്തി. മലയാളി ഫ്രം ഇന്ത്യയില്‍ പാക്കിസ്ഥാനിയായാണ് അദ്ദേഹം എത്തുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തില്‍ നിവിനോടൊപ്പം എത്തുന്ന ദീപക് ജേത്തി മികച്ച അഭിനയത്തിലൂടെ ശ്രദ്ധ നേടുന്നുണ്ട്.
ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ സിനിമക്ക് ഏറെ യോജിക്കുന്നത് തന്നെയായിരുന്നു. സിനിമയില്‍ തമാശകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതില്‍ എല്ലാ തമാശകളും വര്‍ക്ക് ആയെന്ന് പറയാന്‍ സാധിക്കില്ല. അതേ സമയം ചില തമാശകള്‍ തിയേറ്ററില്‍ കൂട്ടച്ചിരിക്ക് കാരണമായിട്ടുണ്ട്. ഇടക്കുള്ള വലിച്ചു നീട്ടലും സിനിമയുടെ പോരായ്മയായി തോന്നിയിട്ടുണ്ട്. പിന്നെ ചില ഭാഗത്ത് കുറച്ച് ലാഗും, ക്രിഞ്ചും തോന്നിയത് പറയാതെയിരിക്കാന്‍ ആകില്ല.
Content Highlight: First Sanghi Hero In Malayalam Movie; Malayali From India Review