സൈന്യത്തിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ആര്‍.എസ്.എസ് സ്‌കൂള്‍ തുടങ്ങുന്നു; പരിശീലനം നല്‍കുന്നത് ആറു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക്
national news
സൈന്യത്തിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ആര്‍.എസ്.എസ് സ്‌കൂള്‍ തുടങ്ങുന്നു; പരിശീലനം നല്‍കുന്നത് ആറു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2019, 2:32 pm

ന്യൂദല്‍ഹി: സായുധ സേനകളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ആര്‍.എസ്.എസ് സ്‌കൂള്‍ തുടങ്ങുന്നു. അടുത്ത വര്‍ഷം തുടങ്ങുന്ന സ്‌കൂളിലെ ആദ്യ ബാച്ചില്‍ 160 വിദ്യാര്‍ഥികളാകും ഉണ്ടാകുക. ആര്‍.എസ്.എസ് വിദ്യാഭ്യാസ വിഭാകമായ വിദ്യാ ഭാരതിയുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ തുടങ്ങുന്നത്.

പരീക്ഷണാടിസ്ഥാനത്തിലാണ് സ്‌കൂള്‍ തുടങ്ങുന്നതെന്നും ഭാവിയില്‍ മറ്റുള്ള സ്ഥലങ്ങളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും വിദ്യാ ഭാരതി റീജ്യണല്‍ കണ്‌വീനര്‍ അജയ് ഗോയല്‍ പറഞ്ഞു.

മുന്‍ ആര്‍.എസ്.എസ് തലവന്‍ രാജേന്ദ്ര സിങ്ങിന്റെ നാടായ ബുലന്ദേശ്വരിലാണ് രാജു ബയ്യ സൈനിക് വിദ്യാമന്ദിര്‍ വരുന്നത്. മുന്‍ സൈനികന്റെ സ്വകാര്യ സ്ഥലത്താണ് സ്‌കൂള്‍ നിര്‍മിക്കുന്നത്.

ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്‌കൂളിന്റെ പണികള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. സി.ബി.എസ്.സി സിലബസില്‍ ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിക്കുക.

‘അടുത്തമാസം അഡ്മിഷനുള്ള അപേക്ഷ ക്ഷണിക്കും. 160 കുട്ടികളെയാണ് ആറാം ക്ലാസിലേക്ക് എടുക്കുന്നതെന്നും സൈനിക രക്തസാക്ഷികളുടെ മക്കള്‍ക്ക് 56 സീറ്റുകളില്‍ സംവരണം ഉണ്ടാകുമെന്നും ഗോയല്‍ പറഞ്ഞു.

സൈന്യത്തില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ തേടുന്നുണ്ടെന്നും ഗോയല്‍ പറഞ്ഞു. ആര്‍.എസ്.എസുമായോ അനുബന്ധ സംഘടനകളുമായോ ബന്ധമുള്ള സൈനികരുടെ മീറ്റിംഗ് ഉടനെ വിളിച്ചു ചേര്‍ക്കുമെന്നും ഗോയല്‍ പറഞ്ഞു.