ജമ്മു കാശ്മീര്‍ നഗര തദ്ദേശഭരണ തെരഞ്ഞെടുപ്പ്; ആദ്യഘട്ടഫലങ്ങള്‍ പുറത്തുവന്നു
Jammu Kashmir
ജമ്മു കാശ്മീര്‍ നഗര തദ്ദേശഭരണ തെരഞ്ഞെടുപ്പ്; ആദ്യഘട്ടഫലങ്ങള്‍ പുറത്തുവന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th October 2018, 12:03 pm

ശ്രീനഗര്‍: നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ ജമ്മു കാശ്മീര്‍  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ വന്നു തുടങ്ങി. കോണ്‍ഗ്രസും ബി.ജെ.പി യും തമ്മില്‍ ശക്തമായ മത്സരമാണ് ആദ്യഘട്ട ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കാലത്ത് 8 നാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് അഞ്ചു വാര്‍ഡുകളിലും ബി.ജെ.പി നാലു വാര്‍ഡുകളിലും തെരെഞ്ഞെടുക്കപ്പെട്ടതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനത്ത് നഗര തദ്ദേശ തെരെഞ്ഞെടുപ്പ് നടത്തുന്നത്. ഫലപ്രഖ്യാപനം അതാത് ജില്ലകളിലെ ജില്ലാ ആസ്ഥാനത്തെ ജോയിന്റ് കണ്ട്രോള്‍ റൂമുകളില്‍ വെച്ച് നടത്തുമെന്ന് ചീഫ് എലക്റ്ററല്‍ ഓഫീസര്‍ ശലീന കബ്ര പറഞ്ഞു. 17 ലക്ഷം വോട്ടര്‍മാരുള്ള 79 മുനിസിപ്പല്‍ ബോഡികളിലാണ് ഇലക്ഷന്‍ നടന്നത്.

ലഡാക്കിലും ജമ്മുവിലും ശക്തമായ പോളിങ്ങ് രേഖപ്പെടുത്തിയപ്പോള്‍ കശ്മീരില്‍ വളരെക്കുറച്ചു പേര്‍ മാത്രമാണ് സമ്മതിദായാവകാശം വിനിയോഗം ചെയ്തത്.

ALSO READ: ആധാറുമായി ബന്ധിപ്പിച്ച 50 കോടി നമ്പറുകള്‍ റദ്ദാക്കുമെന്ന വാര്‍ത്ത വ്യാജം

സംസ്ഥാനത്തെ മുഖ്യ പ്രാദേശിക രാഷ്ട്രീയ സംഘടനകളായ പി.ഡി.പി യും നാഷണല്‍ കോണ്‍ഫറന്‍സും തെരെഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസും ബി.ജെ.പി യും തമ്മിലായിരിക്കും പ്രധാന മത്സരം. ആര്‍ട്ടിക്കിള്‍ 35 A യോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തില്‍ പ്രധിഷേധിച്ചാണ് പി.ഡി.പി യും എന്‍.സി യും തെരെഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നത്.

കശ്മീരില്‍ ഇതുവരെ ഒരു തെരെഞ്ഞെടുപ്പു പോലും ജയിക്കാന്‍ കഴിയാത്ത ബി.ജെ.പി പ്രതീക്ഷയോടെയാണ് ഈ തെരെഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. അതേ സമയം മേയര്‍ സ്ഥാനം കരസ്ഥമാക്കാന്‍ സ്വതന്ത്രകക്ഷികളുടെ നിലപാട് ബി.ജെ.പി ക്കും കോണ്‍ഗ്രസിനും നിര്‍ണ്ണായകമായേക്കും എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം.