ലണ്ടന്‍: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം ബ്രിട്ടനില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
ബ്രിട്ടനിലെ ഒമിക്രോണ്‍ ബാധിതരില്‍ കുറഞ്ഞത് ഒരാളെങ്കിലും മരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിങ്കളാഴ്ച പ്രസ്താവന നടത്തി. ഒമിക്രോണ്‍ അതിവേഗത്തില്‍ ആളുകള്‍ക്കിടയില്‍ പടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഒമിക്രോണ്‍ പടരുന്നതിന്റെ വേഗത കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബ്രിട്ടന്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് പ്രോഗ്രാം ലോഞ്ച് ചെയ്ത സാഹചര്യത്തില്‍ കൂടിയായിരുന്നു ബോറിസ് ജോണ്‍സണ്‍ രാജ്യത്ത് ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ച് സംസാരിച്ചത്.
ഒമിക്രോണ്‍ വകഭേദം കാരണമുള്ള മരണം ഔദ്യോഗികമായി പുറത്തുവിടുന്ന ആദ്യ രാജ്യമാണ് ബ്രിട്ടന്‍.
”സങ്കടകരമായ കാര്യം, കുറഞ്ഞത് ഒരു രോഗിയെങ്കിലും ഒമിക്രോണ്‍ ബാധിച്ച് മരിച്ചു എന്നതാണ്,” ജോണ്‍സണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാജ്യ തലസ്ഥാനമായ ലണ്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ 40 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ് എന്നതും ആശങ്കപ്പെടുത്തുന്നതാണ്.
കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു ആദ്യമായി സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: First person dies from omicron variant in Britain