| Friday, 22nd November 2024, 9:25 am

സിനിമ മേഖലയിലെ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ തെറ്റുചെയ്യുന്നവരെ മാറ്റണം; അക്കാര്യത്തില്‍ മലയാള സിനിമ വ്യത്യസ്തമാണ്: സുഹാസിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

55ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നലെ (നവംബര്‍ 20) ഗോവയില്‍ തുടക്കമായി. മൂന്ന് ദിവസമായി നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (ഐ.എഫ്.എഫ്.ഐ) ആദ്യ പാനല്‍ ചര്‍ച്ചയില്‍ ‘സ്ത്രീ സുരക്ഷയും സിനിമയും’ എന്ന വിഷയത്തിലായിരുന്നു സംവാദം നടന്നത്.

അഭിനേത്രിയും നിര്‍മാതാവുമായ വാണി ത്രിപാഠി ടിക്കൂ മോഡറേറ്ററായ സെഷനില്‍ ചലച്ചിത്രമേഖലയിലെ സ്ത്രീ സുരക്ഷ, ലിംഗ പ്രാതിനിധ്യം, സിനിമയിലെ റോള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിലിം മേക്കര്‍ ഇംതിയാസ് അലി, അഭിനേതാക്കളായ സുഹാസിനി മണിരത്നം, കുശ്ബു സുന്ദര്‍, ഭൂമി പെഡ്നേക്കര്‍ എന്നിവരായിരുന്നു എത്തിയത്.

പുരുഷ അഭിനേതാക്കള്‍ പലപ്പോഴും സെറ്റുകളില്‍ വരുകയും സീനുകളില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള തന്റെ അനുഭവം സുഹാസിനി ചര്‍ച്ചക്കിടയില്‍ പങ്കുവെച്ചു. സിനിമാമേഖലയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ തെറ്റു ചെയ്യുന്നവരെ മാറ്റിനിര്‍ത്തണമെന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു. മറ്റു സിനിമാമേഖലയില്‍ നിന്ന് വ്യത്യസ്തമാണ് മലയാള സിനിമയെന്നും സുഹാസിനി പറഞ്ഞു.

‘ഒരു കുറ്റവാളിയുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. ദൗര്‍ഭാഗ്യവശാല്‍ അങ്ങനെയുള്ളവരുടെ കൂടെ ജോലി ചെയ്യാന്‍ ധാരാളം പേരുണ്ടാകും. ഒരു സിനിമയുടെ സെറ്റില്‍നിന്ന് അയാളെ ഒഴിവാക്കിയാലും മറ്റൊരു ഷൂട്ടിങ് സ്ഥലത്ത് അയാളുണ്ടാകും,’ ബോളിവുഡ് നടി ഭൂമി പട്‌നേക്കര്‍ പറഞ്ഞു.

‘ഹൈവേ സിനിമയില്‍ അഭിനയിച്ചപ്പോള്‍ നടി ആലിയ ഭട്ടിന് വസ്ത്രം മാറാനും മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം പലരെയും ആശ്രയിക്കേണ്ടി വന്നു. പലപ്പോഴും സൗകര്യങ്ങള്‍ കുറവായിരുന്നു. പക്ഷേ, സുരക്ഷിതമായ സാഹചര്യങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. സമൂഹവും സിനിമയും തമ്മിലുള്ളത് പൊക്കിള്‍ക്കൊടി ബന്ധമാണ്,’ ഇംതിയാസ് അലി പറഞ്ഞു.

സിനിമയിലെ ആക്രമണങ്ങളും സ്ത്രീകഥാപാത്രങ്ങളുടെ ചിത്രീകരണവും മൂലം സമൂഹത്തില്‍ കുറ്റവാളികളുണ്ടാകുമെന്നതു ശരിയല്ലെന്നും സമൂഹത്തിന്റെ പ്രതിഫലനം മാത്രമാണു സിനിമയെന്നും നടി ഖുഷ്ബു പറഞ്ഞു.

Content Highlight: First Panel Discussion held at 55th IFFI highlights Women’s Safety and Cinema

We use cookies to give you the best possible experience. Learn more