| Wednesday, 18th September 2024, 6:10 pm

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സംസ്ഥാനത്തെ ആദ്യത്തെ എം പോക്‌സ് കേസ് മലപ്പുറത്ത് സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ എടവണ്ണ സ്വദേശിയായ 38 കാരനാണ് രോഗബാധ.

യുവാവ് ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്ത്യയില്‍ റിപ്പോട്ട് ചെയ്യുന്ന രണ്ടാമത്തെ കേസ് ആണിത്. വിദേശത്ത് നിന്നെത്തിയ യുവാവിന് രോഗം സ്ഥിരീകരിച്ചതിനാല്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം സുരക്ഷയുടെ ഭാഗമായി ഐസോലേഷന്‍ സൗകര്യങ്ങളൊരുക്കിയ ഹോസ്പിറ്റലുകളുടെ പേരുകളും നോഡല്‍ ഓഫീസര്‍മാരുടെ കോണ്‍ടാക്ട് വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ഇതിനുപുറമെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

വിദേശത്ത് നിന്നെത്തിയ യുവാവ് ചിക്കന്‍ പോക്‌സിന് സമാനമായി ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടുകയും കടുത്ത പനിയും അനുഭവപ്പെട്ടതോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ച ശ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ വീട്ടുകാര്‍ നിലവില്‍ ക്വാറന്റീനില്‍ ആണ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് വിദേശത്ത് നിന്നെത്തിയ മറ്റൊരു യുവാവിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 2022ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ക്ലേഡ് 2 എം.പോക്സ് വൈറസ് വകഭേദമാണ് യുവാവിനെ ബാധിച്ചത്.

2022 ജൂലൈ മുതല്‍ രാജ്യത്ത് 30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിന് സമാനമായ ഒരു ഒറ്റപ്പെട്ട കേസാണ് യുവാവിന്റേതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച പൊതു ആരോഗ്യ അടിയന്തരാവസ്ഥയുടെ ഭാഗമായ കേസല്ല ഇത്.

Content Highlight: First Mpox case confirmed in Malappuram, Kerala

Latest Stories

We use cookies to give you the best possible experience. Learn more