തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന 35 കാരനാണ് രോഗമുക്തി നേടിയത്. ഇയാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ കേസായതിനാല്‍ പരിശോധനകള്‍ എന്‍.ഐ.വിയുടെ (NIV) നിര്‍ദേശപ്രകാരം മികച്ച രീതിയിലായിരുന്നു ചികിത്സ. 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തിയപ്പോഴും നെഗറ്റീവായിരുന്നു. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണെന്നും മന്ത്രി പറഞ്ഞു. രോഗമുക്തി നേടിയ ആളുമായി പ്രഥമിക സമ്പര്‍ക്കമുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവാണ്.
കഴിഞ്ഞ 12ാം തീയതിയാണ് യു.എ.ഇയില്‍ നിന്ന് വന്ന ഇയാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗ സംശയം വന്നപ്പോള്‍ തന്നെ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു.
വിമാനത്താവളങ്ങളിലടക്കം ആരോഗ്യവകുപ്പ് കനത്ത സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുകയും ചെയ്തിരുന്നു.
നിലവില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന മറ്റ് രണ്ട് രോഗികളുടെ ആരോഗ്യനിലയും തൃപ്തികരമാണെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്‌സ് കേസുകളും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ ആണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.
ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലൂടെയാണ് മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവയില്‍ നിന്നുള്ള സ്രവം, ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളില്‍ നിന്നുള്ള സ്രവം, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകള്‍ കോള്‍ഡ് ചെയിന്‍ സംവിധാനത്തോടെയാണ് ലാബില്‍ അയയ്ക്കുന്നത്.
ആര്‍.ടി.പി.സി.ആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസിന്റെ ജനിതക വസ്തുവായ ഡി.എന്‍.എ കണ്ടെത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. മങ്കി പോക്സിന് രണ്ട് പി.സി.ആര്‍ പരിശോധനകളാണ് നടത്തുന്നത്. ആദ്യം പോക്സ് ഗ്രൂപ്പില്‍പ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് നടത്തുന്നത്. അതിലൂടെ പോക്സ് ഗ്രൂപ്പില്‍പ്പെട്ട വൈറസുണ്ടെങ്കില്‍ അതറിയാന്‍ സാധിക്കും.
അതേസമയം, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി.