| Friday, 25th August 2017, 12:19 pm

മുത്തലാഖിന്റെ പേരിലുള്ള ആദ്യ അറസ്റ്റ്: ഗര്‍ഭിണിയായ ഭാര്യയെ തലാഖ് ചൊല്ലിയ 30കാരന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ്. യു.പി സ്വദേശിയായ സിറാജ് ഖാന്‍ എന്ന 30 കാരനാണ് അറസ്റ്റിലായത്.

ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ സര്‍ധാന എന്ന ചെറു നഗരത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഗര്‍ഭിണിയായ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചെന്നും മുത്തലാഖ് ചൊല്ലിയെന്നുമുള്ള പരാതിയിലാണ് അറസ്റ്റ്. 23 കാരിയായ അര്‍ഷി നിദയാണ് സിറാജ് ഖാനെതിരെ പരാതി നല്‍കിയത്.

“മൂന്നു മക്കളെയും ഗര്‍ഭാവസ്ഥയിലുള്ള നാലാമത്തെ കുഞ്ഞിനെയും ഓര്‍ത്ത് കഴിഞ്ഞ ആറുവര്‍ഷമായി ഞാന്‍ ഈ പീഡനം സഹിക്കുന്നു. കൂടുതല്‍ സ്ത്രീധനം നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഞാന്‍ നിഷേധിച്ചപ്പോള്‍ അദ്ദേഹമെന്നെ മുത്തലാഖ് ചൊല്ലി.” അവര്‍ പറയുന്നു.

സിറാജ് സുപ്രീം കോടതിയുടെ വിധി തള്ളുക മാത്രമല്ല അതിനെക്കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ പൊങ്ങച്ചം പറയുകയും ചെയ്തതായി നിദ ആരോപിക്കുന്നു. തന്റെ ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലാന്‍ സിറാജ് ശ്രമിച്ചതായും നിദ ആരോപിക്കുന്നു.


Also Read: മതവിവേചനത്തിന് മാപ്പു പറയണമെന്നാവശ്യപ്പെട്ട് മാര്‍പ്പാപ്പയ്ക്ക് ആര്‍.എസ്.എസിന്റെ ഭീഷണിക്കത്ത്


ആഗസ്റ്റ് 22ന് താന്‍ തന്റെ മാതാപിതാക്കളെ കാണാന്‍ പോയതായിരുന്നു. വീട്ടില്‍ ഉറങ്ങവെ മക്കള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു. അവരെ കാണാനായി ഭര്‍തൃ വീട്ടിലേക്കു പോയപ്പോള്‍ വീട്ടിലേക്ക് പ്രവേശിക്കുന്നത് ഭര്‍തൃ മാതാവ് തടഞ്ഞെന്നും നിദ പറയുന്നു.

” എന്റെ ബന്ധുക്കള്‍ അവരോട് സംസാരിക്കാന്‍ ഒരുങ്ങിയപ്പോള്‍ എന്നെ മുത്തലാഖ് ചൊല്ലാന്‍ സിറാജിന്റെ പിതാവ് ആവശ്യപ്പെട്ടു. ഇത് ചെയ്യാനാവില്ലെന്നു പറഞ്ഞപ്പോള്‍ താന്‍ സുപ്രീം കോടതി വിധിയെ ഭയക്കുന്നില്ലെന്നാണ് പറഞ്ഞത്.” എന്ന് നിദ പറയുന്നു.

“സുപ്രീം കോടതി ഉത്തരവു വന്നാലും ഒന്നും മാറാന്‍ പോകുന്നില്ല എന്നാണ് തനിക്കു തോന്നുന്നത്.” അവര്‍ പറയുന്നു.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ വാസ്തവിരുദ്ധമാണെന്നാണ് സിറാജ് പറയുന്നത്. തങ്ങള്‍ നാലാമത്തെ കുട്ടിയെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മൊഴി ചൊല്ലുന്നത് ഇസ്‌ലാമില്‍ നിഷിധമാണ്. മുത്തലാഖ് ചൊല്ലിയാലും മൂന്നു സാക്ഷികള്‍ വേണമെന്ന് നിര്‍ബന്ധമുണ്ട്. ഈ കേസില്‍ അങ്ങനെയൊന്നും ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.

കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആഗസ്റ്റ് 22നാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധി വന്നത്.

We use cookies to give you the best possible experience. Learn more