വലിയ പൊട്ടും ആടയാഭരണങ്ങളുമിട്ട് സ്‌കൂട്ടറോടിച്ച് വരുന്ന 'ദേവി'; മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തത്.
തന്റെ പ്രിയസുഹൃത്ത് സന്തോഷ് ശിവനും പുതിയ സിനിമക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു ‘ദേവി’യുടെ ഗെറ്റപ്പില്‍ ആടയാഭരണങ്ങളൊക്കെ ധരിച്ച് സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കാണുന്നത്. ഒപ്പം കിരീടം ധരിച്ച സൗബിനുമുണ്ട്.
”എന്റെ പ്രിയ സുഹൃത്തും ഛായാഗ്രഹകനുമായ സന്തോഷ് ശിവന്‍ എന്ന പ്രതിഭക്ക് എന്റെ സിനിമാ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. ഞങ്ങളൊരുമിച്ച് വര്‍ക്ക് ചെയ്തിട്ടുള്ള സിനിമകളെല്ലാം പ്രേക്ഷകരുടെ മനസില്‍ ചിരകാലസ്ഥാനം നേടിയവയാണ്. ഇന്ത്യന്‍ സിനിമാ ഛായാഗ്രഹണ മേഖലയില്‍ ഇത്രത്തോളം പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചിട്ടുള്ള വേറൊരു കലാകാരനെ കണ്ടെത്തുക പ്രയാസമാണ്.
സന്തോഷ് ശിവന്റെ ഏറ്റവും പുതിയ സിനിമാ പരീക്ഷണമാണ് ജാക്ക് ആന്‍ഡ് ജില്‍. സന്തോഷ് ശിവന്‍ തന്നെ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ അനന്തഭദ്രം, ഉറുമി എന്നീ സിനിമകള്‍ പോലെ ജാക്ക് ആന്‍ഡ് ജില്ലും ഏറെ ജനപ്രീതി നേടി വലിയ വിജയം കൈവരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
എന്റെ പ്രിയ സുഹൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഗുഡ് ലക്ക്,” വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
സയന്‍സ് ഫിക്ഷന്‍ കോമഡി സിനിമയായിരിക്കും ജാക്ക് ആന്‍ഡ് ജില്‍. മേയ് 20നായിരിക്കും ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷന്‍, എസ്തര്‍ അനില്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ജോയ് മൂവി പ്രൊഡക്ഷന്‍സാണ് ചിത്രം വിതരണം ചെയ്യുന്നത്.
ബി.കെ. ഹരിനാരായണനും റാം സുന്ദരും ചേര്‍ന്നെഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജേക്‌സ് ബിജോയിയും ചേര്‍ന്നാണ്. തിരക്കഥ: സന്തോഷ് ശിവന്‍, അജില്‍ എസ് എം, സുരേഷ് രവിന്ദ്രന്‍, സംഭാഷണം: വിജീഷ് തോട്ടിങ്ങല്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. രാജേഷ് മേനോന്‍, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍ എന്നിവരാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്. ജയറാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ് എസ് രാജീവ്, മഹേഷ് ഐയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്.എം എന്നിവര്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായും പ്രവര്‍ത്തിച്ചു.