|

ലക്കി സിംഗാവാന്‍ മോഹന്‍ലാല്‍; പുലിമുരുകന്‍ ടീമിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ് ചിത്രമായ പുലിമുരുകന്റെ ടീം വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

മോണ്‍സ്റ്റര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തലയില്‍ ടര്‍ബന്‍ കെട്ടി ഒരു സിംഗായാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലക്കി സിംഗ് എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്.

പുലിമുരുകന്റെ കഥയും തിരക്കഥയുമൊരുക്കിയ ഉദയ്കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും തിരക്കഥയൊരുക്കുന്നത്. വൈശാഖ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിന് വേണ്ടി താരം ബോക്‌സിംഗ് പരിശീലിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബോക്‌സിംഗ് പശ്ചാത്തലത്തിലുള്ള സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിം ട്രെയ്നര്‍ ജെയ്സണാണ് ഇന്‍സ്റ്റഗ്രാം വഴി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി നിരവധി ആരാധകരും എത്തുന്നുണ്ട്.

ഇതടക്കം നിരവധി ചിത്രങ്ങളാണ് ഇനി താരത്തിന്റേതായി പുറത്ത് വരാനുള്ളത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസിനൊപ്പം ഒന്നിക്കുന്ന എലോണ്‍, ജീത്തു ജോസഫിന്റെ ട്വല്‍ത്ത് മാന്‍, ലൂസിഫറിന് ശേഷം പൃഥ്വിരാജുമായി കൈ കോര്‍ക്കുന്ന ബ്രോ ഡാഡി പ്രിയദര്‍ശന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: First look poster of Mohanlal movie ‘Monster’ released