| Tuesday, 22nd March 2022, 10:58 am

കുറുപ്പിന് ശേഷം വീണ്ടും 90 കളിലേക്ക് തിരിക്കാന്‍ ദുല്‍ഖര്‍; ഗണ്‍സ് ആന്‍ ഗുലാബ്‌സിന്റെ ഫസ്റ്റ് ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നായകനാകുന്ന വെബ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സിലെ ഫസ്റ്റ് ലുക്ക് പുറത്ത്. വെബ്ബ് സീരിസിലെ ദുല്‍ഖറിന്റെ ലുക്കാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

‘നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിച്ച് 90കളിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളൂ. ഗണ്‍സ് ആന്റ് ഗുലാബ്‌സില്‍ നിന്നുമുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ, രാജ്& ഡി.കെയുമൊത്തുള്ള എന്റെ ആദ്യ കൂട്ട്‌കെട്ട്. ഈ ത്രില്ലിംഗ് റൈഡില്‍ എന്നോടൊപ്പം രാജ്കുമാര്‍ റാവോയും ആദര്‍ശ് ഗൗരവും ഗുല്‍ഷന്‍ ദേവയ്യയും സുമന്‍ കുമാറും പിന്നെ ടാലന്റഡ് ആയിട്ടുള്ള മറ്റ് സഹതാരങ്ങളും ചേരും.

ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയും സംവിധാനം ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ഉടന്‍ നെറ്റഫ്‌ളിക്‌സില്‍ വരുന്നു,’ ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍ കുറിച്ചു.

ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരാണ് രാജ്&ഡി.കെ. ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം പിന്മാറിയ ദില്‍ജിത്ത് ദോഷാന്‍ജിന് പകരക്കാരനായിട്ടാണ് ദുല്‍ഖര്‍ സീരിസിലേക്കെത്തിയത്.

മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപറ്റിയായിരിക്കും സീരിസ് നിര്‍മിക്കുക. രാജ്കുമാര്‍ റാവോ, ആദര്‍ശ് ഗൗരവ് എന്നിവരാണ് ദുല്‍ഖറിനൊപ്പമുള്ള മറ്റ് രണ്ട് പ്രധാനകഥാപാത്രങ്ങള്‍.

നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുന്ന സീരിസ് ഈ വര്‍ഷാവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ കാരവാന്‍, സോയ ഫാക്ടര്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചുപ്പ് എന്നിവയ്ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ നാലാമത്തെ ഹിന്ദി പ്രൊജക്ട് ആണിത്.

സല്യൂട്ടാണ് അവസാനം പുറത്തിറങ്ങിയ ദുല്‍ഖറിന്റെ ചിത്രം. മാര്‍ച്ച് 17 ന് സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ബോബി-സഞ്ജയ് യുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സല്യൂട്ട് നിര്‍മിച്ചത്.


Content Highlight: First look OF Dulquer Salman from the web series Guns and Gulab 

Latest Stories

We use cookies to give you the best possible experience. Learn more