മാര്‍വല്‍ ആരാധകരെ ആവേശത്തിരയിലാഴ്ത്തിയ അനൗണ്‍സ്‌മെന്റായിരുന്നു അവഞ്ചേഴ്‌സ് ഡൂംസ്ഡേയുടേത്. സാന്‍ ഡിയാഗോ കോമിക് കോണിലാണ് മാര്‍വല്‍ ഈ അനൗണ്‍സ്‌മെന്റ് നടത്തിയത്. എന്‍ഡ് ഗെയിമിന് ശേഷം റീസോ ബ്രദേഴ്‌സ് മാര്‍വലിലേക്ക് തിരിച്ചെത്തുന്നതിനെക്കാള്‍ ആരാധകരെ അമ്പരപ്പിച്ചത് ഡോക്ടര്‍ ഡൂം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനെ കാണിച്ചതാണ്.
മാര്‍വലിന്റെ മുഖം എന്നറിയപ്പെട്ടിരുന്ന റോബര്‍ട്ട് ഡൗണി ജൂനിയറാണ് ഡോക്ടര്‍ ഡൂമായി അവതരിക്കുന്നത്. മാര്‍വല്‍ കോമിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ വില്ലനാണ് ഡോക്ടര്‍ ഡൂം. ഒരുകാലത്ത് മാര്‍വലില്‍ നായകനായി തിളങ്ങിയ ആര്‍.ഡി.ജെയുടെ വില്ലന്‍ വേഷം കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
എന്നാല്‍ ആര്‍.ഡി.ജെയുടെ വില്ലന്‍ വേഷത്തെക്കാള്‍ ആരാധകരെ ഇപ്പോള്‍ ഞെട്ടിച്ചത് ചിത്രത്തിന്റെ കണ്‍സപ്റ്റ് ആര്‍ട്ട് ഫോട്ടോകളാണ്. സോഷ്യല്‍ മീഡിയയില്‍ ലീക്കായ കണ്‍സപ്റ്റ് ആര്‍ട്ട് പിക്കുകള്‍ ഇതിനോടകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ചിത്രത്തിലെ കാമിയോകളും ട്വിസ്റ്റുകളും ഈ ഫോട്ടോയിലുണ്ട്. മാര്‍വലിന്റെ ഡിസൈനിങ് വിങ്ങിലെ ഒരാളുടെ പ്രൈവറ്റ് വെബ്‌സൈറ്റില്‍ നിന്നാണ് ചിത്രങ്ങള്‍ ലീക്കായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏജ് ഓഫ് അള്‍ട്രണ്‍, സിവില്‍ വാര്‍, ഇന്‍ഫിനിറ്റി വാര്‍ എന്നീ ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന വിഷന്‍ ഡൂംസ് ഡേയിലുണ്ടാകുമെന്നാണ് കണ്‍സപ്റ്റ് ആര്‍ട്ട് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അതുപോലെ ഷീ ഹള്‍ക്കിന്റെ കാമിയോയും ചിത്രത്തില്‍ ഉണ്ടാകുമെന്ന് വ്യക്തമായി. മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സൂപ്പര്‍ഹീറോയെന്ന പേര് കേട്ട ഷീ ഹള്‍ക്കിന്റെ സാന്നിധ്യം ചിത്രത്തെ നെഗറ്റീവായി ബാധിച്ചേക്കുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
അതുപോലെ ഡോക്ടര്‍ സ്‌ട്രെയ്ഞ്ചിനെ ബന്ധനസ്ഥനാക്കി നിര്‍ത്തുന്ന ഡോക്ടര്‍ ഡൂം, ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സിയുമായി ചങ്ങാത്തത്തിലായ മേരി ജെയ്ന്‍ തുടങ്ങി ഒരുപാട് സര്‍പ്രൈസുകള്‍ ഇതിനോടകം പുറത്തായിരിക്കുകയാണ്. ഇതില്‍ ഏതെല്ലാം രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് കണ്ടറിയണം. നേരത്തെ, സ്‌പൈഡര്‍മാന്‍ നോ വേ ഹോമിലെ പ്രധാനരംഗങ്ങള്‍ ഇതുപോലെ ലീക്കായത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ ഷൂട്ട് ഈ വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ ഇന്ത്യന്‍ താരം ധനുഷും ഭാഗമായേക്കുമെന്ന് റൂമറുകളുണ്ടായിരുന്നു. റൂസോ ബ്രദേഴ്‌സിന്റെ ദി ഗ്രേ മാനില്‍ ധനുഷ് ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു. ക്രിസ് ഇവാന്‍സും റയാന്‍ റെയ്‌നോള്‍ഡ്‌സും അണിനിരന്ന ചിത്രത്തില്‍ ലോണ്‍ വൂള്‍ഫ് എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിച്ചത്. 2026 ഏപ്രിലില്‍ ഡൂംസ്ഡേ പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്.
Content Highlight: First Look of concept art pics in Avengers Doomsday has leaked