| Wednesday, 26th April 2023, 6:10 pm

'ആദ്യം അവര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് പറയട്ടെ'; ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായുള്ള മോദിയുടെ കൂടിക്കാഴ്ചയില്‍ ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ കണ്ടതില്‍ പ്രതികരണവുമായി സി.പി.ഐ നേതാവും രാജ്യസഭാ എം.പിയുമായ ബിനോയ് വിശ്വം. ക്രിസ്ത്യന്‍ സമൂഹത്തോട് ചെയ്ത തെറ്റുകള്‍ക്ക് ആദ്യം ബി.ജെ.പി മാപ്പ് പറയണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

ക്രിസ്ത്യന്‍ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അത് എല്‍.ഡി.എഫിനെ ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാനല്‍ ചര്‍ച്ചയില്‍ തനിക്കൊപ്പം പാനലിസ്റ്റായിരുന്ന കേന്ദ്രമന്ത്രി ജോണ്‍ ബര്‍ലക്ക് മറുപടി നല്‍കവെയായിരുന്നു ബിനോയ് വിശ്വം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ക്രിസ്ത്യന്‍ സമൂഹത്തിനോടും മറ്റ് ന്യൂനപക്ഷ സമൂഹങ്ങളോടും മാപ്പ് പറയണമെന്ന് ഞാന്‍ കേന്ദ്രമന്ത്രിയോട് അപേക്ഷിക്കുകയാണ്. ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ എം.എസ് ഗോള്‍വാക്കറിന്റെ ബഞ്ച് ഓഫ് തോട്ട്‌സില്‍ പറയുന്ന അപവാദങ്ങളും കുപ്രചരണങ്ങളും അടിസ്ഥാനരഹിതമാണെന്ന കാര്യം മന്ത്രിയും പ്രധാനമന്ത്രിയും അംഗീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.  ഈ ക്രൈസ്തവ വിരുദ്ധ സമീപനങ്ങളെല്ലാം തന്നെ ദേശവിരുദ്ധവും മതനിരപേക്ഷതയ്‌ക്കെതിരും ഇന്ത്യയുടെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്നതുമാണെന്ന് നിങ്ങള്‍ രാജ്യത്തോട് തുറന്ന് പറയണം,’ ബിനോയ് വിശ്വം പറഞ്ഞു.

ഗ്രഹാം സ്റ്റെയിനും അദ്ദേഹത്തിന്റെ രണ്ട് മക്കളും 1999ല്‍ ഹിന്ദുത്വവാദികളാല്‍ ചുട്ടെരിക്കപ്പെട്ട സംഭവത്തില്‍ അദ്ദേഹത്തിന്റെ കുടുബത്തോട് മാപ്പ് പറയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍  ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വിശ്വം പറഞ്ഞു.

‘ഞങ്ങള്‍ക്ക് ആശങ്കകളൊന്നും തന്നെയില്ല. ഞങ്ങളെന്തിന് ഭയപ്പെടണം. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും മറ്റുമായി ആരില്‍ നിന്ന് ഒരു ക്ഷണം ലഭിച്ചാലും അത് സ്വീകരിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ക്രൈസ്തവ പുരോഹിതര്‍ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ അവിടെ ഉയര്‍ത്തിയിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ച് എനിക്കറിയില്ല,’ ബിനോയ് പറഞ്ഞു.

ഏപ്രില്‍ 18ന് സീറോ മലബാര്‍ സഭ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ജോണ്‍ ബര്‍ല കൂടിക്കാഴ്ച നടത്തിയിരുന്നു.
ക്രൈസ്തവര്‍ക്ക് ഇന്ത്യയില്‍ അരക്ഷിതാവസ്ഥയില്ലെന്ന് നേരത്തെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു. ബി.ജെ.പിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവരും ബി.ജെ.പി അനുകൂല നിലപാടുകളുമായി രംഗത്തെത്തിയിരുന്നു.

ജോസഫ് മാര്‍ ഗ്രിഗോറിയസ് (യാക്കോബായ സഭ), മാര്‍ ജോര്‍ജ് ആലഞ്ചേരി (സീറോ മലബാര്‍ സഭ), ബസേലിയസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കാത്തോലിക്ക (ഓര്‍ത്തഡോക്സ് സഭ), കര്‍ദിനാള്‍ മാര്‍ ക്ലീമിസ് (സീറോ മലങ്കര സഭ), മാര്‍ മാത്യു മൂലക്കാട്ട് (ക്നാനായ കത്തോലിക്ക സഭ, കോട്ടയം), മാര്‍ ഔജിന്‍ കുര്യാക്കോസ് (കല്‍ദായ സുറിയാനി സഭ), ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍ (ലത്തീന്‍ സഭ), കുര്യാക്കോസ് മാര്‍ സെവേറിയൂസ് (ക്നാനായ സിറിയന്‍ സഭ, ചിങ്ങവനം) എന്നീ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായാണ് മോദി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്.

Content Highlights: First let them apologize for their sins against christians

Latest Stories

We use cookies to give you the best possible experience. Learn more