അങ്കാര: സ്വീഡന്റെ നാറ്റോ അംഗത്വത്തെ രാജ്യം അംഗീകരിക്കുന്നതിന് മുന്‍പായി യൂറോപ്യന്‍ യൂണിയനിലേക്കുള്ള അങ്കാറയുടെ പ്രവേശനത്തിന് ബ്രസല്‍സ് വഴിയൊരുക്കണമെന്ന് പ്രസിഡന്റ് റജബ്ബ് ത്വയിബ് എര്‍ദോഗന്‍. ആദ്യം യൂറോപ്യന്‍ യൂണിയനിലേക്ക് തുര്‍ക്കിക്ക് വഴിയൊരുക്കാമെന്നും അതിന് ശേഷം ഫിന്‍ലന്‍ഡിന് അംഗത്വം നല്‍കിയതുപോലെ നാറ്റോയിലേക്ക് സ്വീഡന് അംഗത്വം നല്‍കാമെന്നും എര്‍ദോഗന്‍ പറഞ്ഞു.
‘യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള തുര്‍ക്കിയുടെ ശ്രമത്തില്‍ നടപടിയെടുക്കേണ്ട സമയമാണിത്. 50 വര്‍ഷമായി യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് തുര്‍ക്കി. നാറ്റോയിലെ എല്ലാ അംഗങ്ങളും യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളാണ്,’ അദ്ദേഹം പറഞ്ഞു.
നേരത്തെ, കുര്‍ദിഷ് തീവ്രവാദ ഗ്രൂപ്പുകളെ സ്വീഡനില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുവെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു. തീവ്ര വലതുപക്ഷ ഇസ്‌ലാം വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് സ്വീഡിഷ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നും തുര്‍ക്കി ആരോപിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ നാറ്റോയില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റെ അപേക്ഷക്ക് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സ്വീഡന്റെ അപേക്ഷക്ക് അംഗീകാരം നല്‍കിയിരുന്നില്ല. ഈ ആഴ്ച ലിത്വാനിയയിലെ വില്‍നിസില്‍ നടക്കുന്ന ഉച്ചകോടിക്ക് മുന്‍പ് സഖ്യത്തില്‍ പ്രവേശിപ്പിക്കാന്‍ നാറ്റോ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ തുര്‍ക്കി സ്വീഡന്റെ പ്രവേശനത്തെ എതിര്‍ക്കുകയായിരുന്നു.
നാറ്റോ അംഗത്വത്തിന് എല്ലാ സൈനിക സഖ്യ അംഗങ്ങളുടെയും അംഗീകാരം ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം സ്വീഡന്റെ നാറ്റോ പ്രവേശനത്തെ തുര്‍ക്കി തടഞ്ഞിരുന്നു. അങ്കാറയില്‍ കുര്‍ദിഷ് ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്നാരോപിച്ചായിരുന്നു അംഗത്വത്തെ എതിര്‍ത്തത്.
നാറ്റോ ഉച്ചകോടി നടക്കുന്നതിന് മുന്‍പായി ഈദ് ദിനത്തില്‍ സ്റ്റോക്ക്‌ഹോമിലെ പള്ളിക്ക് പുറത്ത് ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധിക്കാന്‍ സ്വീഡന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. സംഭവത്തെ ശക്തമായി അപലപിച്ച് തുര്‍ക്കി വിദേശ കാര്യ മന്ത്രി ഹാകന്‍ ഫിഡാന്‍ എത്തിയിരുന്നു. ഹീനമായ പ്രവര്‍ത്തികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, സ്വീഡന്റെ നാറ്റോ അംഗത്വത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍ സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.
Content Highlight: First, let’s clear Turkey’s way in the European Union, then let’s clear the way for Sweden: Erdogan