|

വൈറ്റ് ഹൗസിലും വിള്ളല്‍; അമേരിക്കയിലെ അക്രമത്തില്‍ മെലാനിയ ട്രംപിന്റെ വിശ്വസ്ത ഉദ്യോഗസ്ഥ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ കലാപം അഴിച്ചുവിട്ടതിന് പിന്നാലെ വൈറ്റ് ഹൗസിലും പരസ്യമായി എതിര്‍പ്പ് ഉയരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് മെലാനിയ ട്രംപിന്റെ ചീഫ് സ്റ്റാഫായ സ്റ്റെഫാനി ഗ്രിഷാം രാജിവെച്ചു. മുന്‍ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും പ്രസ് സെക്രട്ടറിയുമായിരുന്നു സ്റ്റെഫാനി.

ട്രംപ് ഭരണത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥ കൂടിയാണ് അവര്‍. സീന്‍ സ്‌പൈസറിന്റെ കീഴില്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായാണ് അവര്‍ വൈറ്റ് ഹൗസിലെത്തുന്നത്.

പിന്നീട് 2017ല്‍ മെലാനിയ ട്രംപ് അവരെ ഈസ്റ്റ് വിംഗ് സ്റ്റാഫായി തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സ്റ്റെഫാനിയുടെ രാജിക്കു പിന്നില്‍ മെലാനിയ ട്രംപുമായുള്ള പ്രശ്‌നങ്ങളാണെന്ന വാദങ്ങളും ഉയരുന്നുണ്ട്.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്.

ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ഇവര്‍ സായുധ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാധ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.

ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്നത് തടയാന്‍ അക്രമികള്‍ ഇലക്ട്രല്‍ കോളേജ് വോട്ടെണ്ണുന്നത് തടയുകയാണ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനേയും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളേയും സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തു നിന്ന് മാറ്റി.

ഇത് വിയോജിപ്പിനുള്ള അവകാശമല്ല കലാപം സൃഷ്ടിക്കലാണെന്ന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്.

നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യാനുള്ള നീക്കവുമായി ട്രംപ് മുന്നോട്ട് വന്നിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല.

നേരത്തെ ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടത്താന്‍ ശ്രമിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരുന്നു.
ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണത്തിന്റെ ഫോണ്‍ റെക്കോര്‍ഡാണ് പുറത്തുവന്നത്.

‘11,780 വോട്ട്, എനിക്ക് അത്രയും മാത്രം മതി.’ എന്ന് ട്രംപ് ആവശ്യപ്പെടുന്നത് ഈ റെക്കോര്‍ഡില്‍ വ്യക്തമായി കേള്‍ക്കാം. ജോര്‍ജിയയുടെ സെക്രട്ടറിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ബ്രാഡ് റാഫന്‍സ്‌പെര്‍ജറോടാണ് ട്രംപ് വോട്ടിനായി സംസാരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: First lady’s chief of staff and former WH press secretary resigns over violent protests

Latest Stories