| Thursday, 16th May 2024, 4:33 pm

ഇവിടെ തുടരാന്‍ ഇനി മനസാക്ഷി സമ്മതിക്കില്ല: ബൈഡന് രാജിക്കത്ത് നല്‍കി ജ്യൂയിഷ്-അമേരിക്കന്‍ പ്രതിനിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗസയില്‍ ഇസ്രഈല്‍ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യയെ സഹായിക്കുന്ന അമേരിക്കന്‍ നിലപാടുകളില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്റീരിയര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫായ ലില്ലി ഗ്രീന്‍ബെര്‍ഗ് കോള്‍ രാജിവെച്ചു. നിലവില്‍ ജ്യൂയിഷ്-അമേരിക്കന്‍ പ്രതിനിധിയാണ് കോള്‍. ബുധനാഴ്ചയാണ് ആഭ്യന്തര സെക്രട്ടറി ഡെബ്ര ഹാലാന്‍ഡിന് അവര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്.

‘ഗസയിലെ ഇസ്രഈല്‍ വംശഹത്യയ്ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കുന്ന പിന്തുണ ക്രൂരവും മനുഷ്യ മനസാക്ഷിക്ക് ഉള്‍ക്കൊള്ളാനാവാത്തതുമാണ്. അതു കൊണ്ട് തന്നെ ഈ പദവിയില്‍ തനിക്കിവിടെ തുടരാന്‍ കഴിയില്ല. അദ്ദേഹം ജൂതന്മാരെ അമേരിക്കന്‍ യുദ്ധ തന്ത്രത്തിന്റെ മുഖമാക്കുകയാണ്. അത് വളരെ വലിയ തെറ്റാണ്,’ കോള്‍ കത്തില്‍ പറയുന്നു.

ഇസ്രഈലിന്റെ വര്‍ണ്ണവിവേചന നിലപാടുകളും അധിനിവേശവും യുണൈറ്റഡ് സ്റ്റേറ്റ്‌സ് അംഗീകരിക്കുകയും നിയമവിധേയമാക്കുകയും ചെയ്തുവെന്ന് കോള്‍ കൂട്ടിച്ചേര്‍ത്തു. ഗസയില്‍ ഇസ്രഈല്‍ ചെയ്തു കൊണ്ടിരിക്കുന്ന വംശഹത്യയെ എതിര്‍ത്ത് നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ഇസ്രഈലിനെതിരെ യു.എന്നില്‍ അവതരിപ്പിച്ച എല്ലാ നിലപാടുകളെയും തങ്ങളുടെ വീറ്റോ പവര്‍ കൊണ്ട് ബൈഡന്‍ നിഷ്പ്രഭമാക്കി എന്നും കോള്‍ പറഞ്ഞു. ഒട്ടനേകം നിരപരാധികളുടെ രക്തം പുരണ്ട കൈകളാണ് ബൈഡന്റെതെന്നും കോള്‍ കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തെക്കുറിച്ചും യുഎസ് പിന്തുണയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച അവര്‍ , ബൈഡന്റെ നിലപാട് അമേരിക്കക്കാര്‍ക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പറഞ്ഞു.

ഇസ്രഈലിനുള്ള അന്ധമായ യു.എസ് പിന്തുണയില്‍ പ്രതിഷേധിച്ച് ബൈഡന്‍ ഭരണകൂടത്തിനു കീഴില്‍ നിരവധി പേരാണ് രാജിവെക്കുന്നത്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബ്യൂറോ ഓഫ് പൊളിറ്റിക്കല്‍-മിലിട്ടറി അഫയേഴ്സിന്റെ മുന്‍ പബ്ലിക് അഫയേഴ്സ് ഡയറക്ടര്‍ ജോഷ് പോള്‍ ആയിരുന്നു ആദ്യം രാജിവെച്ചത്.

ജനുവരിയില്‍, യു.എസ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉപദേഷ്ടാവ് ഗസയിലെ യുദ്ധ പശ്ചാത്തലത്തില്‍ രാജിവെച്ചിരുന്നു. സമാനമായ കാരണങ്ങള്‍ കൊണ്ട് തന്നെ, യു.എസ് മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ മേജര്‍ ഹാരിസണ്‍ മാനും രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോളിന്റെ രാജിയും.

നക്ബ ദുരന്തത്തിന്റെ 76-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കോളിന്റെ രാജി. 1948-ല്‍ ഇസ്രഈലില്‍ നിന്നും 750,000 ഫലസ്തീനികളാണ് സ്വന്തം വീടുകളില്‍ നിന്നും കുടിയിറക്കപ്പെട്ടത്. നക്ബ ദുരന്തം എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്.

Content Highlight: first Jewish Biden appointee resigns over US support for Gaza war

We use cookies to give you the best possible experience. Learn more