ഗുവാഹത്തി: അസമില്‍ ശൈശവ വിവാഹം ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗുവാഹത്തി ഹൈക്കോടതി. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം പേരാണ് പോക്‌സോ കുറ്റം ചുമത്തപ്പെട്ട് താല്‍ക്കാലിക ജയിലുകളില്‍ കഴിയുന്നത്.
ബലാത്സംഗമോ, ലൈംഗികാതിക്രമണങ്ങളോ ഇല്ലാതെയാണ് കുറ്റക്കാരെന്ന് ആരോപിക്കുന്നവര്‍ക്കെതിരെ പോക്‌സോ ചുമത്തിയിട്ടുള്ളതെന്ന് ജസ്റ്റിസ് സുമന്‍ ശ്യാം നിരീക്ഷിച്ചു.
നിങ്ങള്‍ക്ക് ഏത് കേസിലും പോക്‌സോ ഉള്‍പ്പെടുത്താമെന്നാണോ കരുതുന്നതെന്നും, നിങ്ങള്‍ പോക്‌സോ ചുമത്തിയാല്‍ ജഡ്ജിമാര്‍ മറ്റൊന്നും കാണില്ലെന്നാണോ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് എന്‍.ഡി.പി.എസ്, കള്ളക്കടത്ത്, സ്വത്ത് മോഷണം തുടങ്ങിയ കേസുകളല്ലെന്നും പോക്‌സോ കേസില്‍ കസ്റ്റഡി ചോദ്യ ചെയ്യല്‍ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ശൈശവ വിവാഹം ശരിയായ രീതിയല്ല. അതിനെതിരെ ആദ്യം കുറ്റപത്രം സമര്‍പ്പിക്കുക, അതിന് ശേഷം അവര്‍ കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കാമെന്നും കോടതി പറഞ്ഞു.
ശൈശവ വിവാഹങ്ങള്‍ക്കെതിരെ ഉപയോഗിച്ച പോക്‌സോ കേസിന്റെ പ്രായോഗികതയെ കുറിച്ചും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഭരണകൂടത്തിന്റെ അധികാര പ്രയോഗം സാധാരണ ജനങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ ദോഷമായി ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
നിയമം ലംഘിച്ച് വിവാഹം നടക്കുകയാണെങ്കില്‍ അത് അന്വേഷിക്കാന്‍ നിയമമുണ്ടെന്നും കോടതി പറഞ്ഞു.
ഇത്തരം കേസുകളില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് വ്യകതമാക്കിയ കോടതി
ഒമ്പത് പേര്‍ക്കും കേസില്‍ നിന്ന് സംരക്ഷണം നല്‍കികൊണ്ട് ഉത്തരവിറക്കി.
ഫെബ്രുവരി മൂന്നിന് അസം സര്‍ക്കാര്‍ ശൈശവവിവാഹങ്ങള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.