ലണ്ടന്‍: ലോകത്തിലെ ആദ്യത്തെ മനുഷ്യ സിന്തറ്റിക് ഭ്രൂണം സൃഷ്ടിച്ചെടുത്ത് യു.എസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ബീജമോ അണ്ഡമോ ഉപയോഗിക്കാതെ സ്റ്റെം സെല്ലുകളില്‍ നിന്നാണ് സിന്തറ്റിക് ഭ്രൂണം രൂപപ്പെടുത്തിയതെന്ന് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ റോജര്‍ സ്റ്റുര്‍മി സ്ഥിരീകരിച്ചു. ദി ഗാര്‍ഡിയനാണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഭ്രൂണം പോലെയുള്ള ഈ ഘടനകള്‍ക്കുള്ളില്‍ മിടിക്കുന്ന ഹൃദയമോ, മസ്തിഷ്‌കം പോലുള്ള അവയവങ്ങളോ ഇല്ലെന്നും എന്നാല്‍ പ്ലാസന്റ, മഞ്ഞക്കരു, ഭ്രൂണം എന്നിവ ഉള്‍പ്പെടുന്ന കോശങ്ങളാണ് കാണാനാകുന്നതെന്നും ഗവേഷകര്‍ പറയുന്നു.
മനുഷ്യവികാസത്തിന്റെ ആദ്യഘട്ടത്തിലെ ഭ്രൂണങ്ങളുമായി സാമ്യമുള്ള ഈ മാതൃകാ ഭ്രൂണങ്ങള്‍, ജനിതക വൈകല്യങ്ങളുടെയും ആവര്‍ത്തിച്ചുള്ള ഗര്‍ഭം അലസലിന്റെയും ജീവശാസ്ത്രപരമായ കാരണങ്ങള്‍ കണ്ടെത്തുന്നതിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ സിന്തറ്റിക് ഭ്രൂണ മൂലകോശങ്ങളുടെ റീപ്രോഗ്രാമിങ് വഴി യഥാര്‍ത്ഥ മനുഷ്യ ഭ്രൂണം പോലുള്ള മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫസറായ മഗ്ദലീന സെര്‍നിക്ക ഗോറ്റ്സ് പറഞ്ഞു.
സമീപ കാലത്തൊന്നും സിന്തറ്റിക് ഭ്രൂണങ്ങള്‍ മനുഷ്യരിലെ വൈദ്യപരിശോധനകള്‍ക്ക് ഉപയോഗിക്കാനാകുമോ എന്ന് വ്യക്തമല്ല. കണ്ടുപിടിത്തം നടത്തിയ ലാബിന്റെ പ്രവര്‍ത്തനം ബ്രിട്ടനിലും മറ്റ് രാജ്യങ്ങളിലും നിലവിലുള്ള നിയമത്തിന് പുറത്തായതിനാല്‍ ഗുരുതരമായ ധാര്‍മ്മിക, നിയമ പ്രശ്‌നങ്ങളും ഒപ്പം ഉയര്‍ത്തുന്നുണ്ട്.
ഒരു രോഗിയുടെ ഗര്‍ഭപാത്രത്തില്‍ സിന്തറ്റിക് ഭ്രൂണങ്ങള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. മാത്രമല്ല ഈ ഘടനകള്‍ക്ക് വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങള്‍ക്കപ്പുറം പക്വത പ്രാപിക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ചും വിശദമായ പഠനങ്ങള്‍ ആവശ്യമാണ്.
ശാസ്ത്രജ്ഞര്‍ക്ക് നിലവില്‍ ലാബില്‍ ഭ്രൂണങ്ങള്‍ വളര്‍ത്താന്‍ 14 ദിവസത്തെ നിയമപരമായ പരിധി മാത്രമേ അനുവദിക്കുന്നുള്ളൂ. ശാസ്ത്രജ്ഞര്‍ക്ക് ‘ബ്ലാക്ക് ബോക്സ്’ വികസന കാലഘട്ടം മനസിലാക്കാനാണിതെന്ന് സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തു.