പ്രഥമ ഹോക്കി ലീഗ്: കേരളത്തിന്റെ ശ്രീജേഷിന് 21 ലക്ഷം രൂപ
DSport
പ്രഥമ ഹോക്കി ലീഗ്: കേരളത്തിന്റെ ശ്രീജേഷിന് 21 ലക്ഷം രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th December 2012, 12:00 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഹോക്കി ലീഗിലേക്കുള്ള ലേലം ആരംഭിച്ചു. ക്രിക്കറ്റ് ലീഗിനോളം വരില്ലെങ്കിലും ലക്ഷം വിലകള്‍ തന്നെയാണ് ഹോക്കി താരങ്ങള്‍ക്കും ഇന്ത്യയിലെന്ന് ലേലത്തിന്റെ ആദ്യ ദിവസം തന്നെ വ്യക്തമായി.[]

മലയാളി താരമായ ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീജേഷിനെ മുംബൈ സ്വന്തമാക്കിയത് 21 ലക്ഷം രൂപയ്ക്കാണ്. ഏഴര ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചിടത്താണ് ശ്രീജേഷിനെ 21 ലക്ഷത്തിന് മുംബൈ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

ലേലത്തിലെ ഏറ്റവും താരമൂല്യമുളളത് ഇന്ത്യന്‍ ടീമിന്റെ നായകന്‍ സര്‍ദാര്‍ സിങ്ങാണ്. 42.19 ലക്ഷം രൂപയ്ക്കാണ് ദല്‍ഹി സര്‍ദാര്‍ സിങ്ങിനെ സ്വന്തമാക്കിയത്. കോര്‍ണര്‍ കിക്കില്‍ വിദഗ്ധനായ വി.ആര്‍ രഘുനാഥിനെ ഉത്തര്‍ പ്രദേശ് വിസാര്‍ഡ്‌സ് സ്വന്തമാക്കിയത് 41.40 ലക്ഷം രൂപയ്ക്കാണ്.

ഡിഫന്‍ഡര്‍ രുപീന്ദര്‍ സിങ്ങിനെ 30.48 ലക്ഷത്തിന് ദല്‍ഹി സ്വന്തമാക്കി. പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്ധനായ സന്ദീപ് സിങ്ങിനെ മുംബൈക്ക് വലിയ വെല്ലുവിളിയില്ലാതെ ലഭിച്ചു. 30.48 ലക്ഷം രൂപയ്ക്കാണ് മുംബൈ സന്ദീപിനെ സ്വന്തമാക്കിയത്.

ആറു ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്. സഹാറയുടെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ, ജെപി ഗ്രൂപ്പിന്റെ പഞ്ചാബ്, പട്ടേല്‍യുണിഎക്‌സല്‍ ഗ്രൂപ്പിന്റെ റാഞ്ചി, കൊല്ലപ്പെട്ട പോണ്ടി ഛദ്ധയുടെ ഉടമസ്ഥതയിലുള്ള ദല്‍ഹി, ബര്‍മന്‍ കുടുംബത്തിന്റെ മുംബൈ എന്നിവയും ആരും വാങ്ങാതെപോയ ബാംഗ്ലൂരുമാണ് ഫ്രാഞ്ചൈസികള്‍.