ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ വെച്ച് നടത്തിയ വിദ്വേഷ പ്രസംഗം വിവാദത്തിലായിരിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നാണ് മോദി പറഞ്ഞത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് 2006 ഡിസംബറില്‍ സര്‍ക്കാറിന്റെ സാമ്പത്തിക മുന്‍ഗണനകളെ കുറിച്ചുള്ള ദേശീയ വികസ കൗണ്‍സിലിന്റെ യോഗത്തില്‍ നടത്തിയ പ്രസംഗത്തെയാണ് നരേന്ദ്ര മോദി തെറ്റിദ്ധരിപ്പിക്കും വിധം വ്യാഖ്യാനിച്ചിട്ടുള്ളത്.
ഇത് സംബന്ധിച്ച് അന്നു തന്നെ ബി.ജെ.പി ഉള്‍പ്പടെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും ഈ വിവാദങ്ങല്‍ തെറ്റിദ്ധരിപ്പിക്കുന്നതും മനപ്പൂര്‍വം തെറ്റായി വ്യാഖ്യാനിക്കുന്നതുമാണെന്ന് മന്‍മോഹന്‍ സിങ്ങിന്റെ ഓഫീസ് അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ വീണ്ടും അതേ വ്യാഖ്യാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്‌ലിങ്ങള്‍ക്ക് വീതിച്ചു നല്‍കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് നരേന്ദ്രമോദി പറഞ്ഞിരിക്കുന്നത്. ഇത് സമര്‍ദ്ധിക്കാനായി 2006ലെ മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗത്തിലെ കേവലം 22 സെകന്റ് മാത്രമുള്ള ഒരു ഭാഗം അടര്‍ത്തിമാറ്റി ബി.ജെ.പി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ രാജ്യത്തെ മുഴുവന്‍ മുന്‍ഗണന വിഭാഗങ്ങളും സമ്പത്തിന്റെ അവകാശികളാണെന്നായിരുന്നു 2006ലെ പ്രസംഗത്തില്‍ മന്‍മോഹന്‍ സിങ് പറഞ്ഞത്. അത് വ്യക്തമാക്കുന്ന വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗികമായി തന്നെ അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നല്‍കിയിട്ടുമുണ്ട്. ബി.ജെ.പി വെട്ടിമാറ്റി തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ പ്രധാനപ്പെട്ട ഭാഗമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുള്ളത്.
‘കൃഷി, ജലസേചനം, ജലസ്രോതസ്സുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലെ നിര്‍ണായക നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങള്‍, എസ്.സി, എസ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള പരിപാടികള്‍ എന്നിവക്ക് മുന്‍ഗണന നല്‍കണമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. വികസനത്തിന്റെ ഫലങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലിങ്ങള്‍ക്ക് തുല്യമായി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. സമ്പത്തിന്റെ പ്രഥമ അവകാശം അവര്‍ക്കായിരിക്കണം. വിഭവങ്ങളുടെ കാര്യത്തില്‍ കേന്ദ്രത്തിന് വേറെയും നിരവധി ഉത്തരവാദിത്തങ്ങളുണ്ട്, അത്തരം ആവശ്യങ്ങളും വിഭവങ്ങളുടെ വിതരണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്’
ഇതായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗത്തില്‍ പ്രധാനമായും പറയുന്നത്. ഇതിനെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സമ്പത്ത് മുസ്‌ലിങ്ങള്‍ക്ക് നല്‍കണമെന്ന് മന്‍മോഹന്‍ സിങ്ങ് പറഞ്ഞിട്ടുണ്ട് എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ വ്യാഖ്യാനിച്ചത്.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കാനൊരുങ്ങി സി.പി.ഐ.എമ്മും കോണ്‍ഗ്രസും. പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ്സ് ഇത്രത്തോളം താഴ്ത്തിയ ഒരാള്‍ ചരിത്രത്തില്‍ വേറെയില്ലെന്ന് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
മോദിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും അതിനായുള്ള കൂടിയാലോചനകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ടും വ്യക്തമാക്കി.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി വര്‍ഗീയ, വിദ്വേശ പരാമര്‍ശങ്ങള്‍ നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയ്യാറാണോ എന്നും മോദി പ്രസംഗത്തില്‍ ചോദിച്ചു.
രാജ്യത്തിന്റെ സമ്പത്തിന്റെ പ്രഥമ അവകാശികള്‍ മുസ്‌ലിങ്ങളാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു എന്നും അതിനര്‍ത്ഥം രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നാണ് എന്നും മോദി പറഞ്ഞു. അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണത്തിന്റെ കണക്കെടുത്ത് അത് വിതരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നത്, നിങ്ങളുടെ താലിമാല പോലും അര്‍ബന്‍ നക്‌സലുകള്‍ വെറുതെ വിടില്ലെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഭരണഘടനെ കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുയകും ജനങ്ങള്‍ക്കിടയില്‍ ആശങ്ക വിതക്കുകയുമാണെന്നും മോദി പറഞ്ഞു. ആദിവാസികള്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷത്തിനുമിടയില്‍ സംവരണവും ഭരണഘടനും സംബന്ധിച്ച് കോണ്‍ഗ്രസ് ഭീതി പരത്തുകയാണെന്നും പ്രധാനമന്ത്രി രാജസ്ഥാനില്‍ പറഞ്ഞു.
CONTENT HIGHLIGHTS: First heirs to wealth; What Manmohan Singh said and deliberately misinterpreted by Modi