| Wednesday, 4th July 2018, 12:30 am

കൊളംബിയക്ക് ഇംഗ്ലീഷില്‍ അഞ്ചില്‍ മൂന്ന് മാര്‍ക്ക്; ടൂര്‍ണമെന്റിന് പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ നാലാം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ നാല് ഷോട്ടുകള്‍ വലയിലെത്തിച്ചാണ് ഇംഗ്ലണ്ട് വിജയം നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി കിക്കെടുത്ത ഹെന്‍ഡേസണ്‍ മാത്രമാണ് ഷോട്ട് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാഞ്ഞത്. കൊളംബിയന്‍ താരം യൂറിബെ, കാര്‍ലോസ് ബാക്ക എന്നിവര്‍ക്കും പെനാല്‍റ്റി നേടാന്‍ കഴിഞ്ഞില്ല. കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഓസ്പിനയും, ഇംഗ്ലിഷ് കീപ്പര്‍ പിക്ക്‌ഫോര്‍ഡും ഓരോ മികച്ച സേവുകള്‍ വീതം നടത്തി.

നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഒരോ ഗോളുകള്‍ വീതം അടിച്ച് ഒപ്പത്തിനൊപ്പം നിന്നും. പെനാല്‍റ്റിയിലൂടെ ആയിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍ എങ്കില്‍ ഇഞ്ചുറി ടൈമിലായിരുന്നു കൊളംബിയയുടെ മത്സരത്തിലേക്കുള്ള തിരിച്ചുവരവ്.

സൂപ്പര്‍ താരം ഹാരി കെയിന്‍ ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടപ്പോള്‍, കൊളംബിയക്ക് വേണ്ടി ബാഴ്‌സിലോണ താരം യെറി മിന ഗോള്‍ നേടി, മിനയുടെ ടൂര്‍ണ്ണമെന്റിലെ അഞ്ചാമത്തെ ഗോളാണ് ഇന്നത്തേത്.

സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസ് ഇല്ലാതെ ഇറങ്ങിയ കൊളംബിയന്‍ ടീം ഇംഗ്ലീഷ് യുവതാരങ്ങള്‍ക്ക് മുന്നില്‍ തീര്‍ത്തും നിറം മങ്ങിയാണ് കളിച്ചത്.

കളി പലപ്പോഴും കയ്യാങ്കളിയിലേക്ക് നീണ്ടപ്പോള്‍ എട്ട് തവണയാണ് റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്. ഇതില്‍ ആറെണ്ണവും കൊളംബിയക്ക് എതിരെയായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡനെയാണ് ഇംഗ്ലണ്ട് നേരിടുക.

We use cookies to give you the best possible experience. Learn more