ഏഷ്യകപ്പിന് പുതിയ അവകാശിയോ? കാത്തിരിക്കാം 45 മിനിറ്റ് കൂടി
2019 AFC Asian Cup
ഏഷ്യകപ്പിന് പുതിയ അവകാശിയോ? കാത്തിരിക്കാം 45 മിനിറ്റ് കൂടി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st February 2019, 8:23 pm

അബൂദാബി: അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ജപ്പാന്‍ ഫൈനലിലെത്തിയത്. ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയതിന്റെ ആവേശത്തില്‍ ഖത്തറും.

ഇരുടീമും ആവേശത്തോടെ പന്ത് തട്ടിയെങ്കിലും ആദ്യപകുതി ഖത്തറിനൊപ്പമായിരുന്നു. സാമുറായികള്‍ക്കെതിരെ രണ്ട് ഗോളിനാണ് ഖത്തര്‍ മുന്നിട്ട് നില്‍ക്കുന്നത്. എതിരാളികളുടെ കരുത്തും കുറവും മനസ്സിലാക്കിയുള്ള നീക്കമാണ് രണ്ട് ഗോളിന്റെ ആത്മവിശ്വാസം ഖത്തറിന് നല്‍കിയത്.

മനോഹരമായ രണ്ട് ഗോളുകളാണ് ജപ്പാനെതിരെ ഖത്തര്‍ നേടിയത്. 12-ാം മിനിറ്റില്‍ ആല്‍ മുഈസ് അലിയാണ് ഖത്തറികളെ മുന്നിലെത്തച്ചത്. ടൂര്‍ണമെന്റിലെ അലിയുടെ ഒമ്പതാം ഗോളായിരുന്നു അത്. മനോഹരമായ അക്രോബാറ്റിക്ക് കിക്കിലൂടെ ആയിരുന്നു ആദ്യ ഗോള്‍.

അബ്ദുല്‍ അസീസ് ഹതീമാണ് രണ്ടാം ഗോള്‍ നേടിയത്. പെനല്‍റ്റി ബോക്‌സിന് പുറത്തുനിന്നുള്ള ലോങ് റേഞ്ചറാണ് രണ്ടാം ഗോള്‍ നേടിക്കൊടുത്തത്.

ഗോള്‍ വീണതോടെ സാമുറായികള്‍ ഉണര്‍ന്ന് കളിച്ചു. ഗോളെന്നുറച്ച നിരവധി നീക്കങ്ങള്‍ ഉണ്ടായെങ്കിലും അലക്ഷ്യമായ ഷോട്ടുകള്‍ വലയിലേക്ക് എത്തിയില്ല.