ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിൽ ഏറ്റവും മോശം ഫോമിലൂടെ കടന്ന് പോവുകയായിരുന്നു ലണ്ടൻ ക്ലബ്ബായ ചെൽസി. 2021ൽ ചാമ്പ്യൻസ് ലീഗ് വിജയിച്ച ക്ലബ്ബിന് ലീഗിൽ ഉടനീളം തിരിച്ചടികളും തുടർ പരാജയങ്ങളും മാത്രമായിരുന്നു ലഭിച്ചിരുന്നത്.
ഇതേ തുടർന്ന് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വലിയ നിക്ഷേപം നടത്തി ഒരു പിടി താരങ്ങളെ ക്ലബ്ബ് തങ്ങളുടെ ക്യാമ്പിലേക്കെത്തിച്ചിരുന്നു. എൻസോ ഫെർണാണ്ടസ്, ജാവോ ഫെലിക്സ്, ഫൊഫാന മുതലായ വൻ താര നിരയെ ക്ലബ്ബിലെത്തിച്ചിട്ടും തങ്ങളുടെ മോശം അവസ്ഥയിൽ മാറ്റമൊന്നുമുണ്ടാകാതിരുന്ന ചെൽസിക്ക് ആശ്വാസം പകരുന്ന വിജയമാണ് ചാമ്പ്യൻസ് ലീഗിൽ ക്ലബ്ബിന് ലഭിച്ചിരിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ജർമൻ ക്ലബ്ബ് ബൊറൂസിയാ ഡോർഡ്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടക്കാൻ ചെൽസിക്ക് സാധിച്ചു.
പ്രീ ക്വാർട്ടർ റൗണ്ടിലെ ആദ്യ പാദ മത്സരത്തിൽ ഡോർഡ്മുണ്ടിനെതിരെ ഒരു ഗോളിന് പിന്നിലായ ക്ലബ്ബിന് ക്വാർട്ടർ ഉറപ്പാക്കാൻ രണ്ട് ഗോൾ വ്യത്യാസത്തിലെങ്കിലുമുള്ള വിജയം അനിവാര്യമായിരുന്നു. റഹീം സ്റ്റെർലിങ്, കൈ ഹവേർട്ട്സ് എന്നിവർ നേടിയ ഗോളിൽ രണ്ടാം പാദം വിജയിച്ചതോടെ ചെൽസി ക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു.
ഇതോടെ വലിയ അഭിനന്ദന പ്രവാഹമാണ് ക്ലബ്ബിന് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കൂടാതെ മത്സരത്തിൽ ഒരു ഗോൾ ഉൾപ്പെടെ നേടി മികച്ച പ്രകടനം കാഴ്ച വെച്ച കൈ ഹവേർട്ട്സിനും ആരാധകരുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്.
താരം ശരിക്കും മാൻ ഓഫ് ദ മാച്ച് ആണെന്നും, രണ്ട് വർഷത്തിന് ശേഷമാണ് ഹവേർട്ട്സ് മികവോടെ കളിച്ചതെന്നുമൊക്കെയാണ് ആരാധകരുടെ പ്രശംസ.
അതേസമയം പ്രീമിയർ ലീഗിൽ 25 മത്സരങ്ങളിൽ നിന്നും ഒമ്പത് വിജയങ്ങളുമായി 34 പോയിന്റോടെ ലീഗ് പട്ടികയിൽ പത്താം സ്ഥാനത്താണ് ചെൽസി.
മാർച്ച് 11ന് ലെസ്റ്റർ സിറ്റിക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:First good game in almost 2 years fans congratulate Kai Havertz