കണ്ണൂർ: വർഷങ്ങളുടെ നീണ്ട കാത്തിരിപ്പ് ഇന്ന് തീരുകയാണ്. മട്ടന്നൂരിലെ മൂർഖൻപറമ്പിൽ പണികഴിപ്പിച്ചിട്ടുള്ള കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആദ്യ വിമാനം ഇന്ന് പറന്നുയരും. രാവിലെ 9:55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് വിമാനം ഫ്ലാഗ് ഓഫ് ചെയ്യും.
അബുദാബി ലക്ഷ്യമാക്കിയാവും കണ്ണൂരിൽ നിന്നുമുള്ള ആദ്യവിമാനമായ എയർ ഇന്ത്യ എക്സ്പ്രസ്സ് പറന്നുയരുക. ഇതിനു മുൻപ് വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന്റെ ഉദ്ഘാടനവും ഉദ്ഘാടന സമ്മേളനവും നടത്തും. സംസ്ഥാന മന്ത്രിമാരും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ(കിയാൽ) ഡയറക്ടർ ബോർഡ് അംഗങ്ങളും പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അതിഥികളും ഓഹരി ഉടമകളും പിന്നെ നാട്ടുകാരും ചേർന്ന് ലക്ഷത്തിൽപ്പരം ആൾക്കാൾ ഉത്‌ഘാടന സമ്മേളനം വീക്ഷിക്കാൻ എത്തുമെന്നാണ് കരുതപ്പെടുന്നത്.
Also Read മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനും പങ്കുണ്ടെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
രാവിലെ 7:30 മുതൽ തന്നെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള വിവിധ കലാപരിപാടികൾ ആരംഭിയ്ക്കും. ഉദ്ഘാടനത്തിനു മുൻ മന്ത്രിമാരെ വിളിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ചടങ്ങിൽ നിന്നും വിട്ടു നിൽക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ചടങ്ങു രാഷ്ട്രീയ വത്കരിച്ചു എന്ന ആക്ഷേപം ഉന്നയിച്ച് ബി.ജെ.പിയും ചടങ്ങിൽ പങ്കെടുക്കില്ല.