എന്നോട് മുട്ടാന്‍ നിങ്ങളായിട്ടില്ല, വേണേല്‍ എന്റെ അനന്തരവനോട് മത്സരിക്ക്; അമിത് ഷായോട് മമത
West Bengal Election 2021
എന്നോട് മുട്ടാന്‍ നിങ്ങളായിട്ടില്ല, വേണേല്‍ എന്റെ അനന്തരവനോട് മത്സരിക്ക്; അമിത് ഷായോട് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th February 2021, 8:08 pm

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള പോര് മുറുകുന്നു. ബംഗാളില്‍ അമിത് ഷായെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി പ്രചരണം നയിക്കുമ്പോള്‍ തൃണമൂലിനായി സംസ്ഥാനമൊട്ടാകെ മമതയും പ്രചരണം നടത്തുകയാണ്.

ബംഗാളില്‍ ധൈര്യമുണ്ടെങ്കില്‍ അമിത് ഷാ നേരിട്ട് മത്സരിക്കണമെന്ന് മമത വെല്ലുവിളിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അനന്തരവനോട് മത്സരിക്കാനെങ്കിലും അമിത് ഷാ തയ്യാറാകുമോ എന്ന് ചോദിച്ചിരിക്കുകയാണ് മമത.

‘അഭിഷേകിന് വേണമെങ്കില്‍ പാര്‍ലമെന്റിലെത്താന്‍ രാജ്യസഭാ സീറ്റ് വഴി കഴിയുമായിരുന്നു. പക്ഷെ അദ്ദേഹം ജനവിധി തേടിയാണ് ലോക്‌സഭയിലെത്തിയത്’, മമത പറഞ്ഞു.

എല്ലായിടത്തും ദീദി-ഭാട്ടിജ എന്ന സംസാരമാണ് കേള്‍ക്കാനുള്ളതെന്നും എന്നാല്‍ ഷാ ആദ്യം അഭിഷേകിനോട് ജയിച്ച് വന്നിട്ട് തന്നോട് മത്സരിച്ചാല്‍ മതിയെന്നും മമത പറഞ്ഞു.

‘രാവും പകലും ആളുകള്‍ ദീദി-ഭാട്ടിജ എന്നാണ് പറയുന്നത്. എന്നാല്‍ ഞാന്‍ അമിത് ഷായെ ആദ്യം അഭിഷേകിനോട് മത്സരിച്ച് ജയിച്ച് വരാനാണ് വെല്ലുവിളിക്കുന്നത്. എന്നിട്ട് എന്നോട് മത്സരിക്കാം’, മമത കൂട്ടിച്ചേര്‍ത്തു.

അതേസമയം തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിന് മുന്‍പെല്ലാം കൊല്‍ക്കത്തയിലെ ഭാബനിപൂരിലെ സീറ്റില്‍ നിന്നായിരുന്നു മമത മത്സരിച്ചിരുന്നത്. നേരത്തെ ഭാബനിപൂരിലും നന്ദിഗ്രാമിലും മമത മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഭാബനിപൂരും നന്ദിഗ്രാമും തന്റെ സഹോദരങ്ങളെപ്പോലെയാണെന്ന് മമതയും പറഞ്ഞിരുന്നു. സാധിച്ചാല്‍ രണ്ടിടത്തും മത്സരിക്കുമെന്നും മമത പറഞ്ഞിരുന്നു.

എന്നാല്‍ ഭാബനിപൂരില്‍ മമതയുടെ വിശ്വസ്തരായ നേതാക്കളെ ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ കണ്ടുവെച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താനായിട്ടില്ലെന്നും പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

നന്ദിഗ്രാമില്‍ തന്റെ വിശ്വസ്തനായ എം.എല്‍.എ സുവേന്തു അധികാരിയെയായിരുന്നു മമത മുന്‍പ് മത്സരിപ്പിച്ചിരുന്നത്. എന്നാല്‍ സുവേന്തു പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ മണ്ഡലത്തില്‍ നേരിട്ടെത്തി മത്സരിക്കാനാണ് മമതയുടെ നീക്കം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: First fight Abhishek, then me: Mamata Banerjee challenges Amit Shah