മോഡേണ്‍ ഡേ ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളാണ് മെസിയും റോണാള്‍ഡോയും. കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ഫുട്ബോള്‍ ലോകം ഈ രണ്ട് ഇതിഹാസങ്ങളെയും ഭ്രമണം ചെയ്യുകയായിരുന്നു.
ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച റൈവല്‍റിയും റൊണാള്‍ഡോയും മെസിയും തമ്മിലുള്ളതായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്ന ലക്ഷ്യത്തിലേക്ക് ഇരുവരും അതിവേഗം ഓടിക്കൊണ്ടിരുന്നപ്പോള്‍ റെക്കോഡുകളും കിരീടങ്ങളും വ്യക്തഗത നേട്ടങ്ങളും ഇവരുടെ പിന്നാലെ ചെന്നു.
മെസിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങളില്‍ ലോകം തന്നെ രണ്ട് ചേരിയിലായി തിരിഞ്ഞിരുന്നു. ഇരുവരും ഒന്നിച്ച് ഗ്രൗണ്ടിലെത്തുന്ന ഓരോ മത്സരങ്ങളും ആരാധകരെ അങ്ങേയറ്റം ആവേശത്തിലാഴ്ത്തി.
എന്നാല്‍ ഇരുവരും ആദ്യമായി ഗ്രൗണ്ടില്‍ എന്നാണ് ഏറ്റുമുട്ടിയതെന്ന് പലര്‍ക്കും അറിയാത്ത വസ്തുതയാണ്. 2008 ഏപ്രില്‍ 23ന് ബാഴ്സയുടെ കളിത്തട്ടകമായ ക്യാമ്പ് നൗവാണ് ആ ഇതിഹാസ റൈവല്‍റിയുടെ തുടക്കത്തിന് സാക്ഷ്യം വഹിച്ചത്.
ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരത്തിന്റെ ആദ്യ പാദത്തിലായിരുന്നു ഇരുവരും നേര്‍ക്കുനേര്‍ വന്നത്. അന്ന് 20കാരനായ മെസി ബാഴ്സക്കൊപ്പം നേട്ടങ്ങള്‍ സ്വന്തമാക്കുന്ന യുവതാരമായിരുന്നു. സര്‍ അലക്സ് ഫെര്‍ഗൂസന്റെ ഫൈന്‍ഡിങ്ങായ അന്നത്തെ 23കാരന്‍ റൊണാള്‍ഡോ റെഡ് ഡെവിള്‍സിന്റെ കൂട്ടത്തിലെ ശക്തനായ ഡെവിളുമായിരുന്നു.
ആദ്യ പാദ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെ എല്ലാ കണ്ണുകളും അങ്ങ് ഓള്‍ഡ് ട്രാഫോര്‍ഡിലേക്കായി.
ഏപ്രില്‍ 30ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സയെ തോല്‍പിച്ച് ഫെര്‍ഗൂസന്റെ കുട്ടികള്‍ ഫൈനലിലേക്ക് പ്രവേശിച്ചു. മത്സരത്തിന്റെ 14ാം മിനിട്ടില്‍ പോള്‍ സ്‌കോളെസായിരുന്നു ടീമിന്റെ വിജയ ഗോള്‍ നേടിയത്.
ഇതോടെ മെസി – റൊണാള്‍ഡോ പോരാട്ടത്തിലെ ആദ്യ അധ്യായത്തിന് വിരാമമാവുകയായിരുന്നു.
ലിവര്‍പൂളിനെ തോല്‍പിച്ചെത്തിയ ചെല്‍സിയെ ആയിരുന്നു ഫൈനലില്‍ മാഞ്ചസ്റ്ററിന് നേരിടാനുണ്ടായിരുന്നത്. റഷ്യയിലെ ലുഷ്നികി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ റൊണാള്‍ഡോയിലൂടെ മാഞ്ചസ്റ്റര്‍ ലീഡെടുത്തു. മത്സരത്തിന്റെ 26ാം മിനിട്ടിലായിരുന്നു റൊണാള്‍ഡോ സ്‌കോര്‍ ചെയ്തത്.
ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ലംപാര്‍ഡിലൂടെ ചെല്‍സി ഒപ്പമെത്തിയിരുന്നു. എന്നാല്‍ നിശ്ചിത സമയത്തും അധികം സമയത്തും ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക് കടക്കുകയും 6-5 എന്ന സ്‌കോറില്‍ മാഞ്ചസ്റ്റര്‍ വിജയിക്കുകയുമായിരുന്നു.
സെമിയില്‍ മെസിയുടെ കണ്ണീര്‍ വീഴ്ത്തി മുന്നോട്ട് കുതിച്ച റൊണാള്‍ഡോയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം കൂടിയായിരുന്നു അത്.
Content Highlight: First encounter between Messi and Ronaldo