ആഫ്രിക്കൻ, അറബ് മേഖലകൾക്കാകെ അഭിമാനമായി ചരിത്ര മുഹൂർത്തത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മൊറോക്കൻ ഫുട്ബോൾ. ശനിയാഴ്ച നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെ ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടം മൊറോക്കോയുടെ പേരിലായിരിക്കുകയാണ്.
മൊറോക്കോയുടെ വിജയങ്ങൾക്ക് പിന്നിലെ പ്രധാന ഘടകം മൊറോക്കക്കാരൻ തന്നെയായ കോച്ച് വാലിദ് റെഗഗൂയിയാണ്.
ഒരിക്കൽ മൊറോക്കൻ ദേശീയ ടീമിൽ നിന്നും പുറത്താക്കപ്പെട്ട്, രണ്ടാം വരവിൽ എല്ലാവരാലും പരിഹാസം ഏറ്റു വാങ്ങപ്പെട്ട് ദേശീയ ടീമിനായുള്ള കോച്ചിങ് കരിയർ ആരംഭിക്കാൻ വിധിക്കപ്പെട്ട റെഗഗൂയി ഇപ്പോൾ വിമർശകരുടെയെല്ലാം വായ അടപ്പിച്ച് മൊറോക്കോയെയും അതുവഴി ആഫ്രികയേയും അറബ് ലോകത്തെയും തന്നെ ലോക ഫുട്ബോളിന്റെ ഉന്നതിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
1975 സെപ്റ്റംബർ 23 ന് ഫ്രാൻസിലെ കോർബെ-എസ്സോനെസ്സ് പ്രവിശ്യയിലാണ് വാലിദ് ജനിച്ചത്. ഫ്രാൻസിൽ ജനിച്ച് വളർന്ന അദ്ദേഹം അവിടെ വെച്ച് തന്നെയാണ് പ്രൊഫഷണൽ ഫുട്ബോളിൽ ശോഭിക്കാൻ തുടങ്ങിയത്.
ഡിഫൻണ്ടറായാണ് അദ്ദേഹം കളിച്ചിരുന്നത്. ഫ്രഞ്ച് ക്ലബ്ബായ റേസിങ് പാരിസിനായി ഒരു വർഷം കളിച്ച വാലിദ് പിന്നീട് തോലോസെ എഫ്.സി, അജാക്കോ എഫ്. സി, എന്നീ ക്ലബ്ബുകൾക്കായി കളിച്ച ശേഷം പിന്നീട് സ്പെയ്നിലേക്ക് കൂടുമാറുകയായിരുന്നു. സ്പാനിഷ് ക്ലബ്ബായ റേസിങ് സന്റാൻഡറിന് വേണ്ടി രണ്ട് വർഷത്തോളം കാലം കളിച്ച വാലിദ്, പിന്നീട് വീണ്ടും ഫ്രാൻസിലേക്ക് തന്നെ മടങ്ങിയെത്തി.
മടങ്ങിവരവിൽ ഫ്രഞ്ച് ക്ലബ്ബായ ഡിജോണിന് വേണ്ടിയാണ് അദ്ദേഹം ബൂട്ട് കെട്ടിയത്. എന്നാൽ അവിടെ ഒരു വർഷത്തിൽ താഴെ മാത്രം തുടർന്ന അദ്ദേഹം മറ്റൊരു ഫ്രഞ്ച് ക്ലബ്ബായ ഗ്രെനോബിൾ എ.ഫ്സി യിലേക്ക് കളം മാറി. അവിടെ 39 മത്സരങ്ങളിൽ ഇറങ്ങിയ താരം പിന്നീട് മൊറോക്കയിലേക്ക് തന്റെ ഫുട്ബോൾ കരിയർ പറിച്ചു നടുകയായിരുന്നു.
2009 ൽ മൊറോക്കൻ ക്ലബ്ബായ മൊഗ്രിബ് തെത്വാനിൽ കളിച്ച വാലിദ് റെഗഗൂയി അതോടെ കളിക്കാരനെന്ന നിലയിലുള്ള കരിയർ അവസാനിപ്പിച്ചു. 2001 മുതൽ മൊറോക്കക്കായി ദേശീയ മത്സരങ്ങൾ സജീവമായി കളിച്ചിരുന്ന താരം ദേശീയ മത്സരങ്ങളിൽ നിന്നും 2009 ൽ തന്നെയാണ് വിരമിച്ചത്.
കളിക്കാരനെന്ന നിലയിൽ ഫുട്ബോളിൽ നിന്നും വിരമിച്ച വാലിദ് റെഗഗൂയി 2012ൽ മൊറോക്കൻ ദേശീയ ടീമിന്റെ സഹ പരിശീലകനായി സ്ഥാനമേറ്റതോടെയാണ് കോച്ചിങ് കരിയറിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റം ആരംഭിക്കുന്നത്.
പിന്നീട് ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് 2013 ഒക്ടോബർ ഒന്നിന് മൊറോക്കൻ ഹെഡ് കോച്ചായ റാച്ചിദ് തവോസിയെ മൊറോക്കൻ ഫുട്ബോൾ അസോസിയേഷൻ പുറത്താക്കിയതോടെ ടീമിൽ നിന്നും വാലിദ് റെഗഗൂയിയും പുറത്താക്കപ്പെട്ടു.
അതിന് ശേഷം 2014ൽ മൊറോക്കൻ ക്ലബ്ബ് ഫത്ത് യൂണിയൻ സ്‌പോർട്സിലൂടെയാണ് അദ്ദേഹം മുഴുവൻ സമയ പരിശീലക സ്ഥാനത്തേക്ക് പ്രവേശിക്കുന്നത്.
അവിടെ ആറ് വർഷം തുടർന്ന അദ്ദേഹം 2020 ജനുവരിയിൽ ക്ലബ്ബുമായി പരസ്പര സമ്മതത്തോടെ കോൺട്രാക്ട് അവസാനിപ്പിക്കുകയും, ശേഷം 2021 ൽ വയാദ് എ.സി ക്ലബ്ബിന്റെ പരിശീലകനായി സ്ഥാനമേൽക്കുകയും ക്ലബ്ബിനെ ആഫ്രിക്കൻ ക്ലബ്ബ് ഫുട്ബോളിലെ ഉയർന്ന ടൈറ്റിലായ സി.എ.ഫ് ചാമ്പ്യൻസ് ലീഗ് വിജയിപ്പിക്കുകയും ചെയ്തു.
ഇതോടെ ഒരു ക്ലബ്ബിനെ ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് വിജയിപ്പിക്കുന്ന രണ്ടാമത്തെ മൊറോക്കൻ കോച്ചായി റെഗഗൂയി മാറി. 2017 ൽ ഹുസൈൻ അമോട്ട മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ മൊറോക്കൻ കോച്ച്.
പിന്നീട് 2022 ഓഗസ്റ്റ് 31 നാണ് അദ്ദേഹം രണ്ടാമതും മൊറോക്കൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് കടന്ന് വരുന്നത്. വാഹിദ് ഹലിദോഹിച്ചിനെ പരിശീലക സ്ഥാനത്ത് നിന്നും മൊറോക്കൻ ഫുട്ബോൾ അസോസിയേഷൻ പുറത്താക്കിയതിന് ശേഷമാണ് റെഗഗൂയിയെ നിയമിക്കുന്നത്.
എന്നാൽ റെഗഗൂയിയുടെ നിയമനത്തിൽ മൊറോക്കൻ ഫുട്ബോൾ വിദഗ്ധരും ആരാധകരും നിരാശരായിരുന്നു. എന്നാൽ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരം തന്നെ മഡഗാസ്കറിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയിപ്പിച്ചാണ് അദ്ദേഹം ദേശീയ ഫുട്ബാൾ പരിശീലക സ്ഥാനത്തേക്കുള്ള തന്റെ വരവറിയിച്ചത്.
തുടർന്ന് 1986 ന് ശേഷം മൊറോക്കൻ ഫുട്ബോൾ ടീമിനെ പ്രീ ക്വാർട്ടറിലെത്തിക്കാനും റെഗഗൂയിക്ക് സാധിച്ചു. ക്വാർട്ടറിലേക്ക് യോഗ്യത നേടിയതോടെ ലോകകപ്പ് ക്വാർട്ടർ പ്രവേശനം ഉറപ്പാക്കുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യമെന്ന സ്ഥാനവും ആദ്യ അറബ് രാജ്യം എന്ന സ്ഥാനവും മൊറോക്കോ സ്വന്തമാക്കി. കൂടാതെ ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ കോച്ചും റെഗഗൂയി ആണ്.
പോർച്ചുഗലിനെതിരെയുള്ള മത്സരത്തോടെ ലോകകപ്പ് സെമി ഉറപ്പാക്കുന്ന ആദ്യ ആഫ്രിക്കൻ, അറബ് രാജ്യം എന്ന റെക്കോഡ് മൊറോക്കക്ക് നേടിക്കൊടുത്ത റെഗഗൂയി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ വംശജനായ കോച്ച് കൂടിയാണ്.
ഇനി ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കൊ മാറട്ടെ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കൻ പരിശീലകൻ എന്ന നേട്ടവും റെഗഗൂയി കരസ്ഥമാക്കും.
Content Highlights:First dismissed as coach, ridiculed on second coming; The story of the coach who brought Morocco to history