കോഴിക്കോട്: നോവലിസ്റ്റും കഥാകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ബാബു ഭരദ്വാജിന്റെ ഓര്‍മ്മയ്ക്ക് ഒരാണ്ട് തികഞ്ഞു. സ്മരണ പുതുക്കാന്‍ കോഴിക്കോട് അളകാപുരിയില്‍ ബാബുവിന്റെ ചിരകാല സുഹൃത്തുക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ഒത്തു ചേര്‍ന്നു.
സുമതി മൂര്‍ത്തിയുടെ സൂഫി സംഗീത ആലാപനത്തോടെ ആരംഭിച്ച അനുസ്മരണ പരിപാടിയില്‍ ചെലവൂര്‍ വേണു അധ്യക്ഷനായിരുന്നു.
പരിഗണനകളില്‍ തലതിരിഞ്ഞു പോയ ഒരു സമൂഹത്തില്‍ സിദ്ധാന്തങ്ങള്‍ വിളയുമ്പോള്‍ മനുഷ്യനെ കുറിച്ച് ഓര്‍ത്തു വേദനിച്ച മനുഷ്യനായിരുന്നു ബാബു ഭരദ്വാജെന്ന് കവി ഉമേഷ് ബാബു കെ.സി പറഞ്ഞു. മനുഷ്യകുലത്തിന്റെ ഭാവിയില്‍ അസാമാന്യമായി വിശ്വസിച്ച മനുഷ്യസ്നേഹിയായിരുന്നു ബാബു ഭരദ്വാജെന്നും അദ്ദേഹം പറഞ്ഞു.
സൃഷ്ടിയുടെ വഴികള്‍ പലപാടുണ്ടായിരുന്ന മോഹിപ്പിച്ച എഴുത്തുകാരനായിരുന്നു ബാബു ഭരദ്വാജെന്ന് കവി കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. “കലാപങ്ങള്‍ക്കൊരു ഗൃഹപാഠം” എന്ന നോവലിനെ കുറിച്ച് കെ. രാജന്‍ സംസാരിച്ചു. ദേശാഭിമാനി മുന്‍ പത്രാധിപരായ കോയ മുഹമ്മദ്, സിദ്ധാര്‍ത്ഥ് പരുത്തിക്കാട്, ബാബു ഭരദ്വരാജിന്റെ ആദ്യകാല സുഹൃത്ത്, ടി.വി ലളിത പ്രഭ എന്നിവര്‍ സംസാരിച്ചു. ദിലീപ് രാജ് സ്വാഗതവും മുഹമ്മദ് സുഹൈല്‍ നന്ദിയും പറഞ്ഞു.