വിവേക് അഗ്നിഹോത്രിയുടെ ദി വാക്‌സിന്‍ വാര്‍ എന്ന പുതിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ദയനീയ തുടക്കം. നാന പടേക്കര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് ആദ്യദിനത്തില്‍ 1.3 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായത്.
കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന പ്രമേയം അവതരിപ്പിച്ച വാക്‌സിന്‍ വാര്‍ പത്ത് കോടി ബജറ്റിലാണ് നിര്‍മിച്ചത്. അനുപം ഖേര്‍, സപ്തമി ഗൗഡ, പരിതോഷ് സാന്‍ഡ്, സ്നേഹ മിലാന്‍ഡ്, ദിവ്യ സേത്ത് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, ആസാമീസ് എന്നിവയുള്‍പ്പെടെ 10ല്‍ അധികം ഭാഷകളില്‍ ദി വാക്‌സിന്‍ വാര്‍ റിലീസ് ചെയ്തിരുന്നു.
അതേസമയം ഇന്നലെ തന്നെ പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ കങ്കണ റണാവത്ത്- രാഘവ ലോറന്‍സ് കൂട്ടുകെട്ടിന്റെ ചന്ദ്രമുഖി 2 ബോക്‌സ് ഓഫീസില്‍ നിന്നും 7.5 കോടിയാണ് നേടിയത്. ഇതിനൊപ്പമെത്തിയ ഹിന്ദി ചിത്രം ഫുക്രി രണ്ടാം ഭാഗത്തിനും ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പി. വാസുവാണ് ചന്ദ്രമുഖി 2 സംവിധാനം ചെയ്തിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്.
18 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ചന്ദ്രമുഖിയുടെ തുടര്‍ച്ചയാണ് ചന്ദ്രമുഖി 2. രജിനികാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവരാണ് ചന്ദ്രമുഖിയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ആര്‍.ഡി. രാജശേഖര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചന്ദ്രമുഖി 2വിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു.
Content Highlight: First day collection of The vaccine war and Chandramukhi 2