കോഴിക്കോട്: പൂര്‍ണ പബ്ലിക്കേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന് തുടക്കമായി. കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ച് നടക്കുന്ന ഫെസ്റ്റിവല്‍ പ്രമുഖ എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്തു. ഇന്നും നാളെയുമായാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. കോഴിക്കോടിനെ സാഹിത്യ നഗരമായി യുനെസ്‌കോ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം കോഴിക്കോട് നടക്കുന്ന ആദ്യത്തെ കള്‍ച്ചറല്‍ ഫെസ്റ്റാണ് പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റ് സീസണ്‍ 2.
ടി.ബി.എസ് / പൂര്‍ണ സ്ഥാപകനും കേരളത്തിന്റെ പ്രസാധന, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യമണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ശ്രീ. എന്‍.ഇ. ബാലകൃഷ്ണമാരാരുടെ സ്മരണാര്‍ത്ഥമാണ് ദ്വിദിന കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സാറാ ജോസഫ് മുഖ്യാതിഥിയായി.
ഈ ഫെസ്റ്റിവലിലെ ഉദ്ഘാടകന്‍ എന്നതിലുപരിയായി പൂര്‍ണ ബുക്സുമായി തനിക്ക് ബന്ധമുണ്ടെന്നും 2017ല്‍ തന്നെ ചിതാഗ്‌നി എന്ന പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് പൂര്‍ണയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് പെരുമാള്‍ മുരുകന്‍ പറഞ്ഞു.
സാധാരണ രീതിയില്‍ ഇത്തരം ഫെസ്റ്റിവലുകള്‍ കേവലം ബുക് ഫെസ്റ്റായി മാത്രം മാറുമ്പോള്‍ പൂര്‍ണയുടേത് കള്‍ച്ചറല്‍ ഫെസ്റ്റായി തന്നെ അടയാളപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. പുതിയ സോഷ്യല്‍ മീഡിയ കാലത്ത് എല്ലാവരും എഴുത്തുകാരായെന്നും പരിപാടിയില്‍ മുഖ്യാധിതിയായ സാറ ജോസഫ് പറഞ്ഞു.
ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങള്‍ നിരവധി കോപ്പികള്‍ വിറ്റഴിക്കുമ്പോള്‍ ഗൗരവമേറിയ ചില പുസ്തകങ്ങള്‍ ആയിരം കോപ്പി പോലും വില്‍ക്കാനാകാത്ത അവസ്ഥയുണ്ടെന്നും സാറ ജോസഫ് പറഞ്ഞു.
സംഭാഷണം, പ്രഭാഷണം, സംവാദം, കവിതാലാപനം, നോവല്‍-കവിത അവാര്‍ഡ് സമര്‍പ്പണം, പുസ്തക പ്രകാശനം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ രണ്ടു ദിവസത്തെ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്.
എഴുത്തും വൈദ്യവും, വയനാട്ടില്‍ നിന്നുള്ള പാഠങ്ങള്‍, സര്‍ഗാത്മകതയുടെ പെണ്‍പക്ഷം, ബാലസാഹിത്യം എന്നീ വിഷയങ്ങളിലാണ് സംവാദങ്ങള്‍. അഡ്വ. എ. ജയശങ്കര്‍, ബോബി ജോസ് കട്ടിക്കാട് എന്നിവരുടെ പ്രഭാഷണങ്ങളും പെരുമാള്‍ മുരുകന്‍, സാറാ ജോസഫ്, സച്ചിദാനന്ദന്‍ എന്നിവരുമായി സംഭാഷണങ്ങളും ഉണ്ടാവും.
വിവിധ സെഷനുകളിലായി എന്‍. ഇ. സുധീര്‍, സി. വി. ബാലകൃഷ്ണന്‍, സി. ആര്‍. നീലകണ്ഠന്‍, അംബികാസുതന്‍ മാങ്ങാട്, കെ.എന്‍. പ്രശാന്ത്, കല്പറ്റ നാരായണന്‍, വി. എം. ഗിരിജ, പി. വി. ഷാജികുമാര്‍, ആര്‍. രാജശ്രി, ജിസ ജോസ്. എച്ച്മുക്കുട്ടി, സംഗീത ജന്മ, ദൃശ്യ പത്മനാഭന്‍, ഖൈറുന്നീസ എ, കൈകസി വി.എസ്. തുടങ്ങിയവര്‍ സംബന്ധിക്കും. നാലിന് വൈകീട്ട് 7 മണിക്ക് ബീഗം റാസയുടെ ഗാനസന്ധ്യയും അരങ്ങേറും.
കേരളത്തിലെയും കോഴിക്കോടിലെയും ആശയങ്ങളോട് സംവദിക്കുന്ന മനുഷ്യര്‍ക്ക് ആസ്വാദനതലത്തിലും ചിന്താതലത്തിലും അനുഭവതലത്തിലും സ്വാധീനം ചെലുത്തുന്ന രണ്ട് നാളുകളായിരിക്കും പരിപാടിയിലേത് എന്നാണ് എഴുത്തുകാരന്‍ എന്‍.ഇ. സുധീര്‍ അഭിപ്രായപ്പെട്ടത്.
സമാപന സമ്മേളനം കെ. പി. രാമനുണ്ണിയുടെ അധ്യക്ഷതയില്‍ വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ‘പൂര്‍ണ നോവല്‍ വസന്തം’ പരമ്പരയിലെ പുസ്തകങ്ങള്‍ എ.ഡി.ജി.പി പി. വിജയനു നല്‍കി പ്രതിപക്ഷ നേതാവ് പ്രകാശനം ചെയ്യും.
content highlights: First Cultural Conference in Kozhikode after Literary City Declaration; pooran cultural fest Season 2 begins