വാഷിംഗ്ടണ്‍: അമേരിക്കയിലും ഓസ്‌ട്രേലിയയിലും ആദ്യ കൊവിഡ് 19 (കൊറോണ) മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ അമ്പത് വയസ്സ് പ്രായം പിന്നിട്ട പുരുഷനാണ് മരിച്ചത്. ഓസ്‌ട്രേലിയയില്‍ എഴുപത്തെട്ടുകാരനും.
കോവിഡ് 19 ബാധിച്ചുള്ള ആദ്യ മരണത്തെ തുടര്‍ന്ന് വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേ സമയം രോഗബാധ നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍, ഒറിഗോണ്‍ എന്നിവിടങ്ങളിലാണ് അമേരിക്കയില്‍ ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് കോവിഡ് ബാധിച്ച് എഴുപത്തെട്ടുകാരന്‍ മരിച്ചത്. ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട കപ്പലില്‍ വെച്ചാണ് ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. മരിച്ചയാളുടെ ഭാര്യയും നിരീക്ഷണത്തിലാണ്.
ലോകത്താകെ ഇതുവരെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂവായിരത്തിനടുത്താണ്. 85000 പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ രോഗം വ്യാപകമായി പടര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.
പക്ഷെ ചൈനയ്ക്ക് പിന്നാലെ ദക്ഷിണകൊറിയയില്‍ കൊറോണ വൈറസ് കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപിടിക്കുന്നത് ആശങ്കക്ക് വഴിവെക്കുന്നു. വെള്ളിയാഴ്ച മാത്രം 813 കൊവിഡ് കേസുകളാണ് ദക്ഷിണകൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ ദക്ഷിണകൊറിയയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 3150 ആയി. 17 പേരാണ് ഇവിടെ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. കോവിഡ്-19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന കഴിഞ്ഞാല്‍ വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ദക്ഷിണകൊറിയ. പൊതുജന സംഗമ പരിപാടികളില്‍ നിന്ന് ഈ ആഴ്ച മാറി നില്‍ക്കാന്‍ ദക്ഷിണകൊറിയന്‍ ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഇതിനൊപ്പം ഇറാനില്‍ കോവിഡ് ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചതായി ഇറാനിയന്‍ ആരോഗ്യമന്ത്രി അറിയിച്ചു. ഒപ്പം 294 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 593 പേര്‍ക്ക്് ഇതോടെ കോവിഡ് സ്ഥിരീകരിച്ചു. 43 പേരാണ് ഇറാനില്‍ കോവിഡ് പിടിപെട്ട് മരിച്ചത്. ചൈനയില്‍ 2700 ലേറെ പേരാണ് കോവിഡ് ബാധിച്ച് ഇതു വരെ മരണപ്പെട്ടത്. 82000 പേര്‍ക്ക് വൈറസ് ബാധയുമുണ്ട്.