| Wednesday, 2nd October 2024, 9:59 pm

ഒന്നാംതരക്കാരായ പെണ്‍കുട്ടികള്‍ കര്‍ഷകരുടെ മക്കളെ വിവാഹം ചെയ്യില്ല: മഹാരാഷ്ട്ര എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകരെ അധിക്ഷേപിച്ച് എം.എല്‍.എ ദേവേന്ദ്ര ഭുയാര്‍. സുന്ദരികളായ പെണ്‍കുട്ടികള്‍ കര്‍ഷകരുടെ മക്കളെ വിവാഹം ചെയ്യില്ലെന്നായിരുന്നു എം.എല്‍.എയുടെ അധിക്ഷേപ പരാമര്‍ശം.

കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തന്റെ മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് എം.എല്‍.എ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

സ്ഥിരമായി ജോലിയുള്ള ഒരാളെ വിവാഹം കഴിക്കാനാണ് ഒന്നാം തരക്കാരായ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ കര്‍ഷകരുടെ മക്കളെ പെണ്‍കുട്ടികള്‍ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ തയ്യാറാകില്ലെന്നാണ് എം.എല്‍.എ പറഞ്ഞത്.

സെക്കന്റ് ക്ലാസ് പെണ്‍കുട്ടികള്‍ പലചരക്ക് കടയുടെ ഉടമകളെയോ ബിസിനസുകാരെയോ ആയിരിക്കും വിവാഹം ചെയ്യുക. എന്നാല്‍ തേര്‍ഡ് ക്ലാസ് പെണ്‍കുട്ടികള്‍ നമ്മളെ പോലെയുള്ള കര്‍ഷകരേയുമെന്നും ഭുയാര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഒരു ദമ്പതികള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ ഭംഗിയില്ലാത്തവരായിരിക്കുമെന്നും ദേവേന്ദ്ര ഭുയാര്‍ പറഞ്ഞു.

വാറുദ്-മോര്‍ഷിയിലെ സ്വതന്ത്ര എം.എല്‍.എയായ ദേവേന്ദ്ര ഭുയാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിനെ പിന്തുണക്കുന്ന നേതാവാണ്. സ്വാഭിമാനി പക്ഷ പാർട്ടിയിലെ അംഗം കൂടിയാണ് ദേവേന്ദ്ര ഭുയാർ.

ഭുയാറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര ശിശുവികസന മന്ത്രിയുമായ യശോമതി താക്കൂര്‍ ഉള്‍പ്പെടെയുളള നേതാക്കളാണ് അജിത് പവാര്‍ അനുകൂലിക്കെതിരെ രംഗത്തെത്തിയത്.

അജിത് പവാറും അധികാരത്തിലുള്ളവരും അവരുടെ എം.എല്‍.എമാരെ നിയന്ത്രിക്കണമെന്നാണ് യശോമതി പറഞ്ഞത്. സ്ത്രീകളെ ഇത്തരത്തില്‍ തരംതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇങ്ങനെയാണ് നിങ്ങളുടെ പോക്കെങ്കില്‍ സമൂഹം ഒരു പടം പഠിപ്പിക്കുമെന്നും യശോമതി മുന്നറിയിപ്പ് നല്‍കി.

Content Highlight: First-class girls will not marry farmers’ sons: Maharashtra independent MLA

We use cookies to give you the best possible experience. Learn more