| Monday, 23rd November 2020, 10:29 am

പൊലീസ് ആക്ട് 118 എ പ്രകാരം ആദ്യകേസ്; പി.കെ ഫിറോസിനെതിരായ ട്രോള്‍ പങ്കുവെച്ചു; സി.പി.ഐ.എം അനുഭാവിക്കെതിരെ പരാതി നല്‍കി ലീഗ് പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അപമാനിച്ചെന്ന് കാണിച്ച് സി.പി.ഐ.എം അനുഭാവിക്കെതിരെ പൊലീസ് ആക്ട് 118 എ നിയമപ്രകാരം പരാതി.

മുസ്‌ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം കമ്മറ്റി സെക്രട്ടറി പി.എ ഫഹദ് റഹ്‌മാനാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ലീഗ് എം.എല്‍.എമാരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ട്രോള്‍ പങ്കുവെച്ച തിലകന്‍ എ.കെ എന്ന വ്യക്തിക്കെതിരെയാണ് പരാതി.

പി.കെ ഫിറോസിനെ മനപ്പൂര്‍വ്വം അവഹേളിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി തിലകന്‍ എ.കെ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് വ്യാജമായി നിര്‍മ്മിച്ച ഫോട്ടോ തികച്ചും ദുരുദ്ദേശത്തോടെ വ്യാജമാണ് എന്നറിഞ്ഞിട്ടും അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടി പങ്കുവെച്ചെന്നും സംഭവത്തില്‍ പൊലീസ് ആക്ട് 118 എ പ്രകാരം കേസ് എടുക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

പൊലീസ് ആക്ട് 118 എ പ്രകാരം അപമാനിതനായ വ്യക്തി തന്നെ പരാതി നല്‍കേണ്ടതില്ല. കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്.

പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

2000ത്തിലെ ഐ.ടി ആക്ടിലെ 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം സുപ്രീം കോടതി മറ്റു നിയമങ്ങളൊന്നും കൊണ്ട് വന്നിരുന്നില്ല. ഇതിനെ നേരിടാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഭേദഗതി.

അതേസമയം പൊലീസ് ആക്ടില്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തകുറിപ്പിലൂടെ വിശദീകരണം നല്‍കിയത്. ഏതെങ്കിലും തരത്തിലുള്ള സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിനോ എതിരായി നിയമം ഉപയോഗിക്കപ്പെടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗം തടയാനും സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങിയവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുമാണ് ഇത് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഈ ഭേദഗതി സംബന്ധിച്ച് ഉയര്‍ന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

അതേസമയം ഈ വകുപ്പ് ദുരുപയോഗം ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിലകന്‍ എ.കെ പ്രൊഫൈലില്‍ കഴിഞ്ഞ ദിവസം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  First case under Police Act 118A; Shared troll against PK FIroz; League activist files complaint against CPI (M) supporter

We use cookies to give you the best possible experience. Learn more