| Friday, 16th August 2019, 4:02 pm

മുത്തലാഖ്; കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് ; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് താമരശേരി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുത്തലാഖ്; കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് ; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് താമരശേരി കോടതി

കോഴിക്കോട്: മുത്തലാഖ് നിയമത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട്. മുക്കം കുമാരനല്ലൂര്‍ സ്വദേശി റജ്‌നയുടെ പരാതി പ്രകാരം ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

താമരശേരി കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്ത ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. മുസ്‌ലിം വുമന്‍സ് പ്രൊട്ടക്ഷന്‍ ഓണ്‍ മാര്യേജ് ആക്ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ആഗസ്റ്റ് മാസം 1 ാം തിയതി റജ്‌നയുടെ വീട്ടില്‍ വന്ന് ബാപ്പയുടേയും ബന്ധുക്കളുടേയും മുന്‍പില്‍ വെച്ച് ഒന്നും രണ്ടും മൂന്നും ത്വലാഖുകള്‍ ഒന്നിച്ച് ചൊല്ലി ഉസാം വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.

എന്നാല്‍ വിവാഹബന്ധം വേര്‍പെടുത്തിയത് സംബന്ധിച്ച് മുക്കം പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നപടിയും സ്വീകരിച്ചില്ലെന്നും തുടര്‍ന്ന് ആഗസ്റ്റ് 3 ാം തിയതി വടകര റൂറല്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയോ പ്രതിയ്‌ക്കെതിരെ നടപടിയെടുക്കുകയോ ചെയ്തില്ലെന്നും യുവതി പറയുന്നു.

തുടര്‍ന്ന് റജ്‌ന അഡ്വ. കെ.പി ഫിലിപ്പ്, അഡ്വ. അന്‍വര്‍ സാദിഖ് എന്നിവര്‍ മുഖേന താമരശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.  തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അഭിഭാഷകന്‍ അന്‍വര്‍ സാദിഖ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മുത്വലാഖ് ചൊല്ലിയ ശേഷം പ്രതി മറ്റൊരു വിവാഹം കഴിക്കുകയും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

2011 മെയ് 25 നായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരും ഏറെ നാള്‍ ഖത്തറിലായിരുന്നു. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നുണ്ട്. വിവാഹ സമയത്ത് നല്‍കിയ 25 പവന്‍ സ്വര്‍ണാഭരണങ്ങളില്‍ എട്ട് പവനൊഴികെ ബാക്കി ആഭരണങ്ങള്‍ പ്രതിയും മറ്റും ചേര്‍ന്ന് കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more