മുംബൈ: ഞായറാഴ്ച മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് എം.എല്‍.എ നാനാ പടോലെയെയാണ്. ഇതിനു പിന്നില്‍ കോണ്‍ഗ്രസിനു കൃത്യമായി പദ്ധതിയുണ്ട്. സംസ്ഥാനത്തെ കാര്‍ഷിക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ദീര്‍ഘകാല പദ്ധതിയായാണ് പടോലെയെ രംഗത്തിറക്കുന്നത്.
കോണ്‍ഗ്രസിന്റെ കിസാന്‍ വിഭാഗം മുന്‍ നേതാവാണ് പടോലെ. മാത്രമല്ല, വിദര്‍ഭ മേഖലയിലെ ഒ.ബി.സി വിഭാഗക്കാരനാണ് അദ്ദേഹം.
മുന്‍ ബി.ജെ.പി എം.പിയായിരുന്ന പടോലെയാണ് ആദ്യ മോദിസര്‍ക്കാരിന്റെ കാലയളവില്‍ പാര്‍ട്ടിക്കെതിരെ ആദ്യമായി രംഗത്തെത്തിയ വിമതന്‍. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പടോലെ ബി.ജെ.പിയിലെത്തുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭണ്ഡാര-ഗോണ്ടിയ സീറ്റില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച പടോലെ പരാജയപ്പെടുത്തിയത്, എന്‍.സി.പിയുടെ അതികായന്‍ പ്രഫുല്‍ പട്ടേലിനെയാണ്. എന്നാല്‍ തുടര്‍ന്ന് അദ്ദേഹം ബി.ജെ.പിക്കെതിരെ തിരിഞ്ഞു.
ബി.ജെ.പിയില്‍ നിന്നു രാജിവെച്ച അദ്ദേഹം കോണ്‍ഗ്രസിലേക്കെത്തുകയും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ നാഗ്പുരില്‍ നിന്നു മത്സരിക്കുകയും ചെയ്തു. എന്നാല്‍ പരാജയപ്പെട്ടു.
മഹാരാഷ്ട്രയുടെ തെക്കന്‍ മേഖലയില്‍ നിന്നാണ് കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും നേതാക്കന്മാര്‍ കൂടുതല്‍ വരുന്നത്. എന്നാല്‍ വിദര്‍ഭ മേഖലയില്‍ തങ്ങളുടെ ശക്തനായ ഒരു നേതാവിനെ വളര്‍ത്തുകയെന്ന ലക്ഷ്യമാണ് പടോലെയുടെ സ്പീക്കര്‍ സ്ഥാനത്തിനു പിന്നില്‍.
ബി.ജെ.പിക്കാവട്ടെ, ദേവേന്ദ്ര ഫഡ്‌നാവിസിലൂടെ വിദര്‍ഭ പിടിച്ചടക്കാനും സാധിച്ചിട്ടുണ്ട്. വിദര്‍ഭയിലെ സകോളി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് പടോലെ. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനു ലഭിക്കുമ്പോള്‍ എന്‍.സി.പി മഹാ വികാസ് അഘാഡി സഖ്യധാരണ പ്രകാരം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമാണു ലഭിക്കുക.
ശനിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ ജയിച്ചുകയറിയിരുന്നു. 169 വോട്ടുകളാണ് താക്കറെ സര്‍ക്കാര്‍ നേടിയത്. എന്നാല്‍ സഭാ നടപടികള്‍ ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. എന്നാല്‍ സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്നാണ് ബി.ജെ.പി പ്രതികരിച്ചത്.
വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച അറിയിപ്പ് തങ്ങള്‍ക്ക് ലഭിക്കാന്‍ വൈകിയെന്നും എം.എല്‍.എമാരെ സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ സ്പീക്കറെ തെരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തിയിട്ടില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.