ന്യൂദല്‍ഹി: രാജ്യത്ത് ഈ വര്‍ഷത്തിലെ ആദ്യ പക്ഷിപ്പനി മരണം സ്ഥിരീകരിച്ചു. ഹരിയാനയില്‍ നിന്നുള്ള പതിനൊന്നുകാരനാണ് രോഗം ബാധിച്ച് മരിച്ചത്. ദല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കുട്ടി. പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഹരിയാനയില്‍ കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകനെ ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നുള്ള സംഘം ഇയാളുടെ ആരോഗ്യനില പരിശോധിക്കാനും കോണ്‍ടാക്ട് ട്രേസിംഗ് നടത്താനുമായി ഹരിയാനയില്‍ എത്തിയിട്ടുണ്ട്.
ഈ വര്‍ഷം തുടക്കത്തില്‍ ഹരിയാനയില്‍ പക്ഷികള്‍ക്കിടയില്‍ എച്ച്5എന്‍8 എന്ന വകഭേദം മൂലമുള്ള പക്ഷിപ്പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കേണ്ടി വന്നിരുന്നു.
ഈ വകഭേദം മനുഷ്യരിലേക്ക് പടരാനും ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുമുള്ള സാധ്യതയില്ലെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ മരിച്ച കുട്ടിയില്‍ കണ്ടെത്തിയിരിക്കുന്നത് എച്ച്5എന്‍1 വൈറസാണ്.