കോഴിക്കോട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഓണ്‍ ലൈന്‍ ക്ലാസുകള്‍ നടത്താനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘ഫസ്റ്റ് ബെല്‍’ ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ റണ്‍ സമയത്ത് തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ഏറെ ആശങ്കകള്‍ ഉണ്ടാക്കിയിരുന്നു. ക്രമേണ വിദ്യാര്‍ത്ഥികള്‍ പുതിയ രീതിയിലേക്ക് കടന്നുവെങ്കിലും ഒരു വിഭാഗം കുട്ടികള്‍ ഈ പുതിയ സംവിധാനത്തിന്റെ ഗുണം പൂര്‍ണമായും ലഭിക്കാത്തെ പുറത്ത് നില്‍ക്കുന്ന അവസ്ഥ തുടര്‍ന്നു.
ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഭാഷന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യത്തോടെ അവതരിപ്പിച്ച ഈ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ഫലം വിചാരിച്ച രീതിയില്‍ ലഭിക്കുന്നില്ല എന്ന് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. കുറ്റമറ്റ രീതിയില്‍ തന്നെയാണ് സംവിധാനം മുന്നോട്ട് പോകുന്നതെന്ന് സര്‍ക്കാരും വാദിച്ചു.
എന്നാല്‍ ട്രയല്‍ റണ്ണ് തുടങ്ങി തൊട്ടടുത്ത ദിവസം മലപ്പുറം വളാഞ്ചേരിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ദേവിക തീകൊളുത്തി മരിച്ച സംഭവം ഓണ്‍ ലൈന്‍ സംവിധാനത്തിന്റെ പോരായ്മകളെക്കുറിച്ച് വീണ്ടും ഗൗരവമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കി.
ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണെന്നും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം കുട്ടി പങ്കുവെച്ചിരുന്നുവെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദേവികയുടെ മരണത്തില്‍ മലപ്പുറം ഡി.ഡി.ഇ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്‌ക്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നും പറയുന്നു.
ഓണ്‍ലൈന്‍ ക്ലാസിന് പുറത്താകുന്നവര്‍….
ഓണ്‍ ലൈന്‍ സൗകര്യത്തിന് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന സര്‍ക്കാര്‍ പറയുമ്പോഴും, ആ സംവിധാനത്തിന് പുറത്തു നില്‍ക്കുന്ന കുട്ടികള്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ സാധിക്കില്ല. ജൂണ്‍ ഒന്നിന് ക്ലാസ് തുടങ്ങിയപ്പോള്‍ വീട്ടില്‍ ടിവി ഇല്ലാത്തലരുടെ എണ്ണം രണ്ടര ലക്ഷത്തിനും മുകളിലായിരുന്നു. പഠനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ടിവിയും കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണുമില്ലാത്ത 2,61,784 കുട്ടികള്‍ സംസ്ഥാനത്താകെ ഉണ്ടെന്നായിരുന്നു സമഗ്രശിക്ഷാ കേരളയുടെ വിലയിരുത്തല്‍.
പിന്നീട് ഇത്തരം സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം ആയിരത്തില്‍ താഴെയായി കുറഞ്ഞതായും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് എത്രത്തോളം കൃത്യമായ കണക്കാണ് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് സംവിധാനമൊരുക്കിയതായി സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറത്താെണെന്നും ഇവര്‍ക്കായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മറ്റും ആവശ്യപ്പെട്ട് കാസര്‍കോഡ് വെള്ളരിക്കുണ്ട് സ്വദേശി ഗിരിജ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
41.2 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ലെന്നും ഇപ്പോഴും നിരവധി കുട്ടികള്‍ക്ക് ഓണ്‍ ലൈന്‍ വിദ്യാഭ്യാസ സംവിധാനം കിട്ടുന്നില്ലെന്നും കോടതിയില്‍ ഹരജി കൊടുത്ത ഗിരിജ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
”ഏറ്റവും അവസാനം സര്‍ക്കാര്‍ പറഞ്ഞത് 86 കുട്ടികള്‍ മാത്രമാണ് സംവിധാനത്തിന് പുറത്ത് നില്‍ക്കുന്നത് എന്നാണ്. അത് അങ്ങനെയല്ല എന്ന് ഉറപ്പാണ്. ഇപ്പോഴും നിരവധി കോളനികളിലെ കുട്ടികള്‍ക്ക് ഓണ്‍ ലൈന്‍ വിദ്യാഭ്യാസ സംവിധാനം കിട്ടുന്നില്ല. അടുത്ത ദിസങ്ങളില്‍പ്പോലും ഇത്തരം സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ വര്‍ത്തകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വന്നിരുന്നു. കാസര്‍ഗോഡ് കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ കുറുമാടം കോളനിയിലെ കുട്ടികള്‍ക്ക് പഠന സൗകര്യമില്ലാ എന്ന വാര്‍ത്ത ഇന്ന് കണ്ടു. ദിവസേന ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഞങ്ങളുടെ പ്രദേശത്ത് തന്നെ ഇന്റര്‍നെറ്റ് ലഭ്യത ഇല്ലാത്ത പ്രദേശങ്ങളുണ്ട്. വൈദ്യുതിയും നെറ്റും ഇല്ലാത്ത പ്രദേശങ്ങളുണ്ട്. കമ്യൂണിറ്റി ഹാളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളുണ്ട്,” വെള്ളരിക്കുണ്ട് സ്വദേശിയായ ഗിരിജ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മദ്യം വാങ്ങാന്‍ പോലും ആപ്പുകള്‍ തയ്യാറാക്കിയ സര്‍ക്കാര്‍ എന്തുകൊണ്ട് വിദ്യാര്‍ത്ഥികളുടെ കാര്യം ഗൗരവമായി കാണുന്നില്ലെന്നും ഗിരിജ ചോദിച്ചു.
” കുട്ടികളുടെ കാര്യത്തിലും ഗൗരവമായ സമീപനം എടുക്കേണ്ടതുണ്ട്. ബെവ് ക്യൂ അടക്കമുള്ള ആപ്പ് ഇംപ്ലിമെന്റ് ചെയ്ത സര്‍ക്കാര്‍ എന്തുകൊണ്ട് ആ ഗൗരവം കുട്ടികളുടെ കാര്യത്തില്‍ കാണിച്ചില്ല. പൊതുവേയുള്ള ധാരണ ഏറ്റവും കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ബാധ്യതയുള്ളത് കമ്മ്യൂണിസ്റ്റ് സര്‍ക്കറുകള്‍ക്കാണ് എന്നാണ്. അവരുടെ ഭാഗത്തു നിന്നുതന്നെ ഇത്തരത്തിലുള്ള നടപടി ഉണ്ടായപ്പോള്‍ കോംപ്രമൈസ് ചെയ്യാതെ നിയമ നടപടിക്ക് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. ഒരു വ്യക്തി എന്ന നിലയ്ക്ക് എന്ത് ചെയ്യാന്‍ പറ്റും എന്നാണ് ചിന്തിച്ചത്,” ഗിരിജ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഓണ്‍ലൈന്‍ പഠനം സമ്പൂര്‍ണമാവുകയില്ലെന്നും പക്ഷേ ഈ വര്‍ഷത്തെ തുടര്‍ പഠനത്തിന് കുട്ടികളെ സജ്ജരാക്കുക എന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ക്ലാസുകള്‍ ഓണ്‍ ലൈനായും കുട്ടികളും അദ്ധ്യാപകരുമായുള്ള തുടര്‍വിനിമയം ഓഫ് ലൈനായും നടത്തുമെന്നാണ് കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത് പറഞ്ഞത്.
” പ്രാഥമികമായിട്ടുള്ള സംപ്രേഷണം ബ്രോഡ്കാസ്റ്റും അതേസമയം തന്നെ ഫേസ്ബക്ക്, യൂട്യൂബ് തുടങ്ങി വിക്ടേഴ്‌സിന്റെ വെബ്‌സ്‌ക്രീം വഴിയും ഓണ്‍ലൈനായിട്ടും അതോടൊപ്പം ടീച്ചര്‍മാരും കുട്ടികളും തമ്മിലുള്ള തുടര്‍വിനിമയം ഓഫ് ലൈനായിട്ടും, ഇത് മൂന്നിന്റെയും സമന്വയ രൂപമാണ് ഫസ്റ്റ് ബെല്‍ പ്രോഗാം,” അന്‍വര്‍ സാദത്ത് ഫസ്റ്റ് ബെല്ലിനെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു.
എന്നാല്‍ മൊബൈല്‍ ഫോണിന് റേഞ്ച് പോലും ഇല്ലാത്ത സ്ഥലങ്ങളില്‍ കുട്ടികള്‍ എങ്ങനെയാണ് ഇത്തരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ക്ലാസുകളില്‍ പങ്കെടുക്കുക എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. ഓണ്‍ ലൈന്‍ സംവിധാനത്തിന് സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ കണക്കുകള്‍ എടുക്കുന്നതില്‍ പോലും സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഗിരിജ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
” ടിവി ഇല്ലാത്ത കുട്ടികളുടെ എണ്ണം തന്നെ തെറ്റാണ്. കുട്ടികളുടെ വീട്ടിലേക്ക് വിളിച്ചാണ് സര്‍വ്വേ എടുത്തത്. വിവരം ശേഖരിക്കാന്‍ വിളിക്കുമ്പോള്‍ കുട്ടികളോട് ചോദിക്കുന്നത് നിങ്ങളുടെ വീട്ടില്‍ ആര്‍ക്കെങ്കിലും ഫോണ്‍ ഉണ്ടോ എന്നാണ്, ആര്‍ക്കെങ്കിലും ഫോണ്‍ ഉണ്ടെങ്കില്‍ എങ്ങനെ കുട്ടിക്ക് സൗകര്യം കിട്ടും? ബന്ധുവിന് ഫോണ്‍ ഉണ്ടോ എന്നുപോലും ചോദിച്ചിട്ടുണ്ട്. ബന്ധുവിന് ഫോണ്‍ ഉണ്ടെങ്കില്‍ കുട്ടിക്ക് എങ്ങനെ സൗകര്യം കിട്ടും? ബന്ധുവിന് ഫോണ്‍ ഉണ്ടെങ്കില്‍ ആ കുട്ടി സൗകര്യം ലഭ്യമല്ലാത്ത കുട്ടികളുടെ പട്ടികയില്‍ വരുന്നില്ല. അങ്ങനെ ഒരുപാട് കുട്ടികള്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവരുണ്ട്.,” ഗിരിജ പറഞ്ഞു.
അരമണിക്കൂര്‍ കൊണ്ട് എടുത്തുപോകുന്ന ക്ലാസുകള്‍ കുട്ടികള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടും എന്ന കാര്യത്തിലും അവര്‍ ആശങ്ക പങ്കുവെച്ചു.
ഇതുവരെ വിതരണം ചെയ്യാതെ പാഠപുസ്തകങ്ങള്‍…
ജൂണ്‍ അവസാനം ആയിട്ടും പാഠ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാത്തതിലും ആക്ഷേപം ഉയരുന്നുണ്ട്. ടിവിയെ മാത്രം ആശ്രയിച്ചുകൊണ്ട് കുട്ടികള്‍ക്ക് പഠനം സാധ്യമാകില്ലെന്നും പാഠ പുസ്തകം ലഭിച്ചാല്‍ ടിവിയില്‍ ക്ലാസ് കണ്ടശേഷം പാഠ ഭാഗം മനസ്സിലായില്ലെങ്കില്‍പ്പോലും പിന്നീട് പാഠ പുസ്തകം നോക്കി പഠിക്കാനുള്ള അവസരം കുട്ടികള്‍ക്ക് ലഭിക്കുമെന്നും എന്നാല്‍ പാഠ പുസ്തകത്തിന്റെ വിതരണം ഇല്ലാത്തത് കുട്ടികള്‍ക്ക് പുസ്തകം നോക്കിയെങ്കിലും പഠിക്കാനുള്ള സാധ്യത കൂടി ഇല്ലാതാക്കുന്നെന്നും ഗിരിജ പറഞ്ഞു.
സര്‍ക്കാര്‍ ബദല്‍ സംവിധാനം ഒരുക്കി എന്നു പറയുന്നുണ്ട്. എസ്.എഫ്.ഐ , കെ.എസ്.യു ഡി.വൈ. എഫ്. ഐ, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി കൊടുത്തിരുന്നു. ടിവി കണ്ടിട്ട് കുട്ടികള്‍ വീട്ടില്‍പോയി ഇതിന്റെ ഫോളോ അപ്പ് എങ്ങനെ ചെയ്യും. വാട്‌സ ആപ്പ് അടക്കമുള്ള സംവിധാനമില്ലാത്ത കുഞ്ഞുങ്ങള്‍ എന്തുചെയ്യും? ഫോളോ അപ്പ് എങ്ങനെ ചെയ്യും. അസൈന്‍മെന്റ് സബ്മിറ്റ് ചെയ്യണ്ടേ? ഇവരുടെ പ്രോഗസ് വിലയിരുത്തണ്ടേ? പാഠ ഭാഗങ്ങള്‍ കൃത്യമായി ഉള്‍ക്കൊണ്ടില്ലെങ്കില്‍ ആരാണ് ഇവരെ സഹായിക്കുക. പാഠ പുസ്തകം ഇതുവരെ കിട്ടിയിട്ടില്ല. അതാണ് ഏറ്റവും വലിയ ഡ്രോബാക്ക്. പാഠപുസ്തകം ഉണ്ടെങ്കില്‍ ടീച്ചര്‍ പറഞ്ഞത് മനസ്സിലായില്ലെങ്കില്‍ പാഠപുസ്തകം എടുത്ത് നോക്കി പഠിക്കാം എന്നുകരുതാം,” ഗിരിജ പറഞ്ഞു.
രണ്ട് ലക്ഷത്തിന് മുകളില്‍ പുസ്തകങ്ങള്‍ എത്തേണ്ട കാസര്‍ഗോഡ് ജില്ലയില്‍ 77000 പുസ്തകങ്ങള്‍ മാത്രമാണ് വന്നിട്ടുള്ളതെന്നു പറഞ്ഞ ഗിരിജ 2020-21 അധ്യായന വര്‍ഷത്തിലേക്ക് യതൊരു മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും പറഞ്ഞു.
” ഓണ്‍ലൈന്‍ ക്ലാസ് എന്നു പറഞ്ഞ് ഒരു ബൂം ഉണ്ടാക്കിയിരിക്കുകയാണ്. ജൂണ്‍ ആദ്യത്തെ ആഴ്ചയെങ്കിലും പുസ്തകം കിട്ടണ്ടേ. കൊറോണ എമര്‍ജന്‍സി ആണെങ്കില്‍പ്പോലും ആരോഗ്യരംഗം സജീവമായിരുന്നല്ലോ, അതേപോലെ സജീവമാക്കേണ്ട മേഖലയല്ലേ വിദ്യാഭ്യാസ രംഗവും,” അവര്‍ ചോദിച്ചു.
താന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധിപ്പകര്‍പ്പ് തന്റെ കയ്യില്‍ കിട്ടിയിട്ടില്ലെന്നും കേസില്‍ ഹിയറിംഗ് നടന്നെങ്കിലും ഓര്‍ഡര്‍ ആയിട്ടില്ലെന്നും അതുകൊണ്ടുതന്നെ കോടതി എന്താണ് പറഞ്ഞിരിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഗിരിഞ്ഞ പറഞ്ഞു.
ട്രയല്‍ റണ്ണിലെ പാളിച്ചകള്‍…
ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ ട്രയല്‍ റണ്ണിനെതിരേയും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഭാഷാ ന്യൂനപക്ഷങ്ങളെ പാടെ അവഗണിച്ചുകൊണ്ടായിരുന്നു ട്രയല്‍ റണ്‍ നടത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്ന കുട്ടികളെ മാത്രം മുന്നില്‍ കണ്ടായിരുന്നു ഇത്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് കാസര്‍ഗോഡ് – കര്‍ണാടക അതിര്‍ത്തിപ്രദേശങ്ങളിലെ കന്നട മീഡിയത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയായിരുന്നു. തുടക്ക സമയത്ത് ഫസ്റ്റ്ബെല്‍ സംവിധാനം ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചിരുന്നില്ല. ക്ലാസെടുക്കുന്നത് മലയാളം മീഡിയത്തില്‍ ആയതുകൊണ്ടുതന്നെ കന്നട മീഡിയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ കിട്ടിയിരുന്നില്ല. പിന്നീട് ജില്ലയിലെ
പൊതുവിദ്യഭ്യാസ വകുപ്പും ജില്ലാകളക്ടറും മുന്‍കൈയെടുത്ത് ജില്ലയിലെ കേബിള്‍ ടി വി ഓപ്പറേറ്റഴ്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി കേരള വിഷന്‍ നെറ്റ്വര്‍ക്കില്‍ ഒരു പ്രത്യേക ചാനല്‍ ആരംഭിക്കാന്‍ ധാരണയായി.
എങ്കില്‍പ്പോലും ഇതിന്റെ പ്രയോജനം മുഴുവന്‍ പേരിലേക്കും എത്തുന്നുണ്ടോ എന്നുറപ്പാക്കാന്‍ സാധിച്ചിട്ടില്ല.
സര്‍ക്കാരിന്റെ ട്രയല്‍ റണ്ണ് നടത്തിയ രീതിക്കെതിരെ വിദ്യാഭ്യാസ ചിന്തകനായ പ്രൊഫസര്‍ അമൃത് ജി കുമാര്‍ രംഗത്തെത്തിയിരുന്നു. ഒരു സംസ്ഥാനത്തെ മുഴുവന്‍ ഒരുമിച്ച് ഇരുത്തി ട്രയല്‍ റണ്ണ് നടത്തിയ രീതി ശരിയായ രീതിയായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
” ഒരു സംസ്ഥാനത്തെ മുഴുവനും ഒരുമിച്ചിരുത്തിയാണോ ട്രയല്‍ നടത്തുക എന്നു പറയുന്നത്? നമ്മളൊരു സംസ്ഥാനതലത്തിലുള്ള പദ്ധതിയുടെ ട്രയല്‍ എങ്ങനെയാണ് നടത്താറുള്ളത്? ഒരു ജില്ലയില്‍ നടത്തും, ചിലപ്പോ ഒരു പഞ്ചായത്തില്‍ നടത്തും അല്ലെങ്കില്‍ ഒരു ഗ്രാമ പഞ്ചായത്തില്‍ നടത്തും. ട്രയല്‍ എന്നു പറയുന്ന വാക്കിന്റെ അര്‍ത്ഥം തന്നെ യഥാര്‍ത്ഥത്തില് ഇറങ്ങുന്നതിന് തെട്ടുമുന്‍പ് അത് യാഥാര്‍ത്ഥ്യമാകുമോ എന്നറിയുന്നതിന് വേണ്ടി നടത്തുന്ന ഒരു മോക്ക് അല്ലെങ്കില്‍ ഒരു പരീക്ഷണ നടത്തതിനെയാണ് ട്രയല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ ജൂണ്‍ ഒന്നിനു മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ഒരുമിച്ച് ടിവിയുടെ മുന്നില്‍ വന്നിരിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ടിവിയിലൂടെയും ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയും എയര്‍ ചെയ്ത ക്ലാസുകള്‍ ട്രയല്‍ ആയിരുന്നില്ല റിയല്‍ ആയിരുന്നു,” അമൃത് ജി കുമാര്‍ പറഞ്ഞു.
ഭാഷാ ന്യൂനപക്ഷങ്ങളെ അവഗണിക്കരുത്….
എല്ലാ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തിക്കൊണ്ടാകണം ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുന്നോട്ട് പോകേണ്ടതെന്ന് എഴുത്തുകാരനായ അംബികാസുതന്‍ മാങ്ങാട് ഡൂള്‍ന്യൂസിനോട് പറഞ്ഞു. മലയാളം മാതൃഭാഷയായ കുട്ടികളോട് കാണിക്കുന്ന പരിഗണന കന്നട മാതൃഭാഷയായ കുട്ടികളോടും കാണിക്കണമെന്നും ഭാഷ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളേയും ആദിവാസി ഗോത്ര വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാത്ത ഒരു വിദ്യാഭ്യാസവും പൂര്‍ണമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
” കാസര്‍ഗോഡ് ജില്ല ഭാഷാ വൈവിധ്യങ്ങളുടെ നാടാണ്. കന്നട പല സ്ഥങ്ങളിലും അധ്യയന മാധ്യമമാണ്. കന്നട മീഡിയത്തില്‍ പഠിക്കുന്ന കുട്ടികളെ അഭിസംബോധന ചെയ്യാതെ കേരളത്തിന്റെ വിദ്യാഭ്യാസരംഗം പൂര്‍ണമാകില്ല. ഇത് താല്‍ക്കാലിക സംവിധാനമാണല്ലോ കൊറോണ ഭീതി ഒഴിഞ്ഞാല്‍ കുട്ടികള്‍ സ്‌കൂളുകളിലേക്ക് തന്നെ പോകും. ഭൗതീകമായ അന്തരീക്ഷത്തില്‍ കുട്ടികളെ പഠിപ്പിക്കുക എന്നത് തന്നെയാണ് ഏറ്റവും ഉചിതമായ കാര്യം. ഇതിപ്പോള്‍ നടക്കാത്തതുകൊണ്ടാണ്. കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോവുകയും മറ്റ് കുട്ടികളുമായി ഇടപഴകുകയും സ്‌കൂളിന്റെ ഭാഗമാവുകയും ചെയ്തുകൊണ്ടുള്ള സമ്പ്രദായമുണ്ടല്ലോ, അത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തേക്കാള്‍ മെച്ചപ്പെട്ടതു തന്നെയാണ്. പക്ഷേ നമുക്ക് ഇപ്പോള്‍ അതിന് നിര്‍വാഹമില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ യാന്ത്രികമാണ് എന്ന പരിമിതിയുണ്ട്. കാസര്‍ഗോഡിന്റെ എന്‍മകജെ, ബദിയടുക്ക പോലുള്ള പഞ്ചായത്തുകളുടെ ഉള്‍പ്രദേശങ്ങളില്‍ ദരിദ്രരായ ഒരുപാട് കുട്ടികള്‍ ഉണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഭാഷ വൈവിധ്യത്തോടൊപ്പം ഒരുപാട് ആദിവാസി ഗോത്രങ്ങളുണ്ട്. ഒരുപാട് പരിമിതികളുള്ള വീടുകളുണ്ട്. അങ്ങനെയുള്ള കുട്ടികളെക്കൂടി ഉള്‍ക്കൊള്ളാത്ത ഒരു വിദ്യാഭ്യാസം അപൂര്‍ണമായിരിക്കും. ആ കുട്ടികള്‍ക്ക് കൂടി സൗകര്യങ്ങള്‍ ഒരുക്കിത്തന്നെ വേണം ഈ സംവിധാനം മുന്നോട്ട് പോകാന്‍,” അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടാത്ത രീതിയിലാവണം പുതിയ രീതി നടപ്പാക്കേണ്ടതെന്നാണ്. താല്‍ക്കാലികമായ സംവിധാനമാണെങ്കില്‍പ്പോലും ഈ സംവിധാനത്തില്‍ നിന്ന് ഒരു കുട്ടിപോലും പുറത്താക്കപ്പെടുന്നില്ലെന്ന കാര്യം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വിദഗ്ധര്‍ പറയുന്നു.