Kerala News
താത്കാലിക ആശ്വാസം; കേരളം നേരിട്ട് വാങ്ങിയ കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 10, 07:27 am
Monday, 10th May 2021, 12:57 pm

കൊച്ചി: കേരളം നേരിട്ട് വില കൊടുത്ത് വാങ്ങുന്ന കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് സംസ്ഥാനത്ത് എത്തി. 3.5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ആണ് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എത്തിയത്.

കൊച്ചി വിമാനത്താവളത്തില്‍ പകല്‍ 11. 45ഓടു കൂടിയാണ് വാക്‌സിന്റെ ആദ്യ ബാച്ച് എത്തിയത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ വെയര്‍ ഹൗസിലേക്കാണ് വാക്‌സിന്‍ മാറ്റുക.

കേന്ദ്രസര്‍ക്കാര്‍ മുഖേനയായിരുന്നു സംസ്ഥാന സര്‍ക്കാരിന് വാക്‌സിന്‍ എത്തിച്ചിരുന്നത്. എന്നാല്‍ വാക്‌സിന്‍ ലഭ്യതയില്‍ കടുത്ത പ്രതിസന്ധി നേരിട്ടതോടെ നേരിട്ട് വാങ്ങാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു.

ഇതോടെ വാക്‌സിന്‍ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം ആവുമെന്നാണ് കണക്കുകൂട്ടുന്നത്.

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വ നിധിയിലേക്ക് നിരവധി പേരാണ് വാക്‌സിന്‍ തുക നല്‍കിയത്. ഈ തുക കേരളം വാക്‌സിന്‍ നേരിട്ട് വാങ്ങിക്കുന്നതിനായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

നേരത്തെ കോവാക്‌സിന്‍ നേരിട്ട് നല്‍കാനായി ഭാരത് ബയോടെക് തയ്യാറാക്കിയ ആദ്യ ഘട്ട പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല. 14 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ കൊവിഡ് വ്യാപനം തീവ്രമായ കേരളത്തെയും കര്‍ണാടകയെയുമാണ് ഒഴിവാക്കിയത്.

25 ലക്ഷം ഡോസ് കോവാക്‌സിനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഭാരത് ബയോടെക്കുമായി തുടര്‍ന്നും ചര്‍ച്ചകള്‍ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: First Batch covishield vaccine bought by Kerala reached in Kochi