'എഫ്.ഐ.ആർ ഒക്കെ മെഡൽ കിട്ടുന്നത് പോലെ'; വോട്ടര്‍മാരുടെ ബുര്‍ഖ അഴിച്ച് പരിശോധിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി
national news
'എഫ്.ഐ.ആർ ഒക്കെ മെഡൽ കിട്ടുന്നത് പോലെ'; വോട്ടര്‍മാരുടെ ബുര്‍ഖ അഴിച്ച് പരിശോധിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2024, 5:16 pm

ഹൈദരബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഹൈദരബാദിലെ പോളിങ് ബൂത്തില്‍ മുസ്‌ലിം സ്ത്രീകളുടെ ബുര്‍ഖ അഴിച്ച് പരിശോധിച്ച സംഭവത്തെ ന്യായീകരിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി മാധവി ലത. മെഡലുകള്‍ ലഭിക്കുന്നത് പോലെയാണ് തനിക്കെതിരെ എഫ്.ഐ.ആറുകള്‍ എടുക്കുന്നതെന്ന് മാധവി ലത പറഞ്ഞു. ഹൈദരബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അവരുടെ പ്രതികരണം.

‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വോട്ട് ചെയ്തതായി പ്രിസൈഡിങ് ഓഫീസര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബൂത്തില്‍ പരിശോധന നടത്തിയത്. പക്ഷെ അതില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. എന്നാല്‍ എനിക്കെതിരെയാണ് അവര്‍ കേസെടുത്തത്. എനിക്ക് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് മെഡലുകള്‍ ലഭിക്കുന്നത് പോലെയാണ്,’ മാധവി ലത പറഞ്ഞു.

ഹൈദരബാദില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ പോളിങ് ബൂത്തില്‍ എത്തിയ മുസ്‌ലിം സ്ത്രീകളുടെ ബുര്‍ഖ അഴിച്ച് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ മാധവി ലത ഇവരോട് ഐ.ഡി കാര്‍ഡ് ആവശ്യപ്പെടുന്നതും കാണാം.

എന്നാല്‍ ഐ.ഡി കാര്‍ഡ് പരിശോധിച്ചതിന് ശേഷവും മാധവി ലത വോട്ടര്‍മാരോട് തര്‍ക്കിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ബൂത്തില്‍ ഉണ്ടായിരുന്ന പോളിങ് ഉദ്യോഗസ്ഥരോ പൊലീസോ ഇത് തടയാതെ നോക്കി നിക്കുകയായിരുന്നു.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയപ്പോള്‍ തന്നെ മാധവി ലത അതിനെ ന്യായീകരിച്ചിരുന്നു. താനൊരു സ്ഥാനാര്‍ത്ഥിയാണെന്നും മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരുടെ ഐ.ഡി പരിശോധിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

എന്നാല്‍ ഇതാദ്യമായല്ല മാധവി ലതക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്യുന്നത്. ഹൈദരബാദില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പിന്നീട് മതവികാരം വ്രണപ്പെടുത്തിയതിന് അവര്‍ക്ക് പരസ്യമായി മാപ്പ് പറയേണ്ടതായി വന്നിരുന്നു.

Content Highlight: “FIRs Like Medals”: BJP’s Madhavi Latha Defends Checking IDs At Poll Booth