| Monday, 24th May 2021, 12:23 pm

ലക്ഷദ്വീപിന്, ബി.ജെ.പിയെ തുരത്തിയോടിച്ച കേരളത്തിന്റെ സഹായം വേണം

ഫിറോസ് നെടിയത്ത്

ഞാന്‍ ഫിറോസ് നെടിയത്ത്. ലക്ഷദ്വീപിലെ കല്‍പേനി ദ്വീപാണ് എന്റെ നാട്. അവിടെയാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. വളരെ ലളിതമായ ജീവിത സാഹചര്യത്തില്‍, കേരളത്തെ ആശ്രയിച്ചു തന്നെയാണ് ലക്ഷദ്വീപ് അന്നും ഇന്നും തുടരുന്നത്. ഇന്ന് നിങ്ങള്‍ കേട്ട് തുടങ്ങിയ ലക്ഷദ്വീപ് പ്രശ്‌നങ്ങളെക്കുറിച്ച് ലക്ഷദ്വീപുകാരന്‍ ആയ എന്റെ കാഴ്ച്ചപ്പാടുകള്‍ കൂടി പറയട്ടെ.

ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയപ്പോള്‍ ഞങ്ങള്‍ അത് അറിയാനായി നാല് മാസത്തോളം എടുത്തിട്ടുണ്ട് എന്നാണ് കേട്ടറിവ്. അന്ന് ലക്ഷദ്വീപില്‍ നിന്നും സ്വാതന്ത്യ സമരത്തെ പിന്തുണച്ചു പോയവരില്‍ ചിലര്‍ തിരികെ ഓടത്തില്‍ (പായ്കപ്പല്‍) വന്നതോടെ ആയിരുന്നു നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് അറിയുന്നതും (ദ്വീപീന്നു പോയ ഒരു പായക്കപ്പല്‍ തിരികെ എത്തിയാല്‍ മാത്രമേ അന്ന് കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നുള്ളു.. ഇല്ലെങ്കില്‍ അവരുടെ പായ്ക്കപ്പല്‍ മുങ്ങിപ്പോയിക്കാണും എന്നാണ് വിശ്വസിച്ചിരുന്നത്) ആനന്ദത്തില്‍ പങ്കാളികളാവുന്നതും.

അത് ലക്ഷദ്വീപിനേ സംബന്ധിച്ചെടുത്തോളം ഒരു വലിയ നേട്ടമാണ്. ബ്രിട്ടീഷുകാരുടെ ക്രൂരതകള്‍ക്ക് ബലിയാടുകള്‍ ആവേണ്ടി വന്ന ചെറുതുരുത്തുകള്‍ ആയിരുന്നു നമ്മള്‍. ഇന്ന് അതേ അവസ്ഥയോട് സാമ്യം നില്‍ക്കുന്ന തരത്തില്‍ സ്വന്തം രാജ്യത്തില്‍ നിന്നും അനുഭവിക്കുക എന്നത് അതിനേക്കാള്‍ വേദനാജനകമെന്നു വേണം പറയാന്‍. ഈ സാഹചര്യങ്ങള്‍ക്കെല്ലാം തുടക്കം ലക്ഷദ്വീപ് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മയുടെ മരണത്തോട് കൂടിയാണ്. പകരക്കാരനായി വന്ന പ്രഫുല്‍ ഗൗഡ പട്ടേല്‍ എന്ന് ലക്ഷദ്വീപില്‍ കാലുകുത്തിയോ അന്ന് തുടങ്ങി പ്രശ്‌നങ്ങള്‍.

പൊതുവെ IAS /IPS ഉദ്യോഗസ്ഥര്‍ വഹിച്ചിരുന്ന പദവിയാണ് BJP leader ആണ് എന്നത് കൊണ്ട് മാത്രം അദ്ദേഹത്തിന് കിട്ടിയത്. ഒരു വര്‍ഷമായി കോവിഡ് കേരളത്തിലെത്തിലെത്തിയിട്ടും ദ്വീപില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കാരണം,ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ 14 ദിവസം കേരളത്തിലും 7 ദിവസം ദ്വീപിലും ക്വാറന്റൈന്‍ നിര്‍ബന്ധം ആക്കിയിരുന്നു.

ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഇടത്ത് എന്ന് ക്വാറന്റൈന്‍ രീതികള്‍ നീക്കം ചെയ്‌തോ അതിന്റെ പിന്നാലെ തന്നെ കൊറോണ കപ്പല്‍ പിടിച്ചു എത്തി. ഒരു തരത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു പ്രഫുല്‍ ഗൗഡയുടെ വരവ്. അതിനെ ചോദ്യം ചെയ്തതില്‍ പിന്നെയാണ് അയാള്‍ ആ പ്രോട്ടോകാള്‍ എടുത്തുകളയുന്നത്.

100 % മുസ്ലീങ്ങള്‍ മാത്രമുള്ള ഒരു പ്രദേശം എന്ത് കൊണ്ടും NRC, CAA എതിര്‍ക്കുമല്ലോ, പ്രൊട്ടെസ്റ്റ് നടത്തിയ ബോര്‍ഡുകള്‍ കണ്ടത് അയാളെ കൂടുതല്‍ ചൊടുപ്പിപ്പിക്കുകയും അത് ചെയ്തവരെ അറസ്റ്റ് ചെയ്യുകയുണ്ടായി.

ലക്ഷദ്വീപ് മാസ്സ് കേരളത്തിലെ ലക്ഷദ്വീപ് സൗഹൃദങ്ങള്‍ ഉള്ളവര്‍ക്ക് പരിചമായ ഒന്നാണ്. 50 % ഓളം വരുന്ന ലക്ഷദ്വീപിലെ മല്‍സ്യതൊഴിലാളികള്‍ വര്‍ഷങ്ങളായി അവരുടെ ഫിഷിങ് ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനും കേടുപാടുകള്‍ മാറ്റുന്നതിനും ചൂര മാസ്സാക്കുന്നതിനും തീരപ്രദേശത്തെ തന്നെയാണ് ഉപയോഗിച്ചുവരുന്നത്.

എന്നാല്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍, ഇത്രയും ദിവസം കൊണ്ട് തന്നെ അത് സ്വമേധയാ പൊളിച്ചു നീക്കം ചെയ്യണം എന്നും അല്ലെങ്കില്‍ അവിടത്തെ ഷെഡ്ഡുകള്‍ അവര്‍ പൊളിക്കുമെന്നും ഉത്തരവിറക്കി. എന്നാല്‍ കവരത്തി ദ്വീപിലെ സാന്റി ബീച്ച്, കലാ സോഷ്യല്‍ മേഖലകളിലും സ്‌കൂബ ഡൈവിങ്ങിനും പേര് കേട്ട മൊത്തം ദ്വീപുകാര്‍ക്കും പ്രിയപ്പെട്ട ഇടമാണ്.

വൈകുന്നേരങ്ങളില്‍ ഒരു ചായക്കൊപ്പം സൗഹൃദം പങ്കുവെക്കുന്ന ഇടത്തെയാണ് ഒരു മുന്നറിയിപ്പും ഇല്ലാതെ JCB ഉപയോഗിച്ച് പൊളിക്കുന്നത് നോക്കി നില്‍ക്കാനേ ദ്വീപ് ജനങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. പിന്നെ റോഡ് വികസനം, എന്റെ വീട് റോഡിന്റെ അടുത്ത് തന്നെയാണ്, ഇനി അതിനെ വീതി കൂട്ടുകയാണെങ്കില്‍ എന്റെ വീട്ടില്‍ക്കൂടിയായിരിക്കും വാഹനങ്ങള്‍ പോകുന്നത്.

ദ്വീപില്‍ അപകട നിരക്ക് വളരെ കുറവാണ്. 7 മീറ്റര്‍ വീതിയുള്ള റോഡ് ഈ കുഞ്ഞു സഥലത്ത് ഉണ്ടാക്കീട്ട് ഞങ്ങളെ റോഡില്‍ കിടത്താനാണോ ഇവരുടെ ഉദ്ദേശം?

ലക്ഷദ്വീപ് മദ്യനിയന്ത്രണങ്ങള്‍ ഉള്ള പ്രദേശമാണ്. ടൂറിസത്തിന്റെ പേരില്‍ മദ്യം എത്തിക്കാനുള്ള പ്ലാനും നീങ്ങുന്നുണ്ട് എന്നാണ് കേട്ടത്. പല മേഖലകളും പഞ്ചായത്തിന്റെ അധീനതയില്‍ നിന്ന് മാറ്റുകയും അഡ്മിനിസ്‌ട്രേറ്റര്‍ മാത്രം ചുമതല വരുത്തുകയും ചെയ്തതോടു കൂടി പഞ്ചായത്തിന്റെ, അതായത് ദ്വീപ് ജനതയുടെ വായയും അവര്‍ അടച്ചു. ഇനി അവരുടെ ഉത്തരവുകള്‍ക്ക് വഴങ്ങികൊടുക്കേണ്ടവര്‍ ആയി ജീവിക്കണം എന്നത് ആണ് ലക്ഷ്യം.

മറൈന്‍ വാച്ചേഴ്‌സ് ആയി ഓരോ ദ്വീപില്‍ നിന്നും 15 പിള്ളേരെ എടുത്തിട്ടുണ്ടായിരുന്നു. അവരുടെ സേവനം ലക്ഷദ്വീപ് കണ്ടതാണ്. ലക്ഷദ്വീപിന്റെ നിലനില്‍പിന് വേണ്ടി മണല്‍ വാരലും സീ കുംകുബര്‍ എടുക്കല്‍ തടയലും അവര്‍ 24 മണിക്കൂറും സജീവമായി ചെയ്തിരുന്നു. ഇപ്പോള്‍ ആ ജോലി തുടരുന്നതിന് അഡ്മിനിസ്റ്റര്‍ ഒപ്പുവെക്കുന്നില്ല. അവരുടെ ജോലി ഇനി ഉണ്ടോ എന്ന് തന്നെ ആശങ്കയാണ്.

ട്രൈനിങ്ങിലൂടെയും മറ്റും എടുത്ത പിള്ളേരാണ് എന്ന് കൂടി നിങ്ങള്‍ ഓര്‍ക്കണം. കൂടാതെ ടൂറിസത്തിലെ ജീവനക്കാരെയും സ്‌കൂളിലെ അധ്യാപകരെയും ആയമാരെയും പിരിച്ചു വിട്ടതായി അറിയാന്‍ കഴിഞ്ഞു.

എന്ത് തന്നെയായാലും വളരെ സമാധാനത്തോടും ആതിഥേയ മര്യാദയോടും കൂടി ജീവിച്ചു പോയിരുന്ന ഒരു കൂട്ടം ജനങ്ങളുടെ ഇടയിലേക്ക് ആണ് അവര്‍ വിഷം കുത്തി നിറക്കുന്നത്, അവരുടെ നിസ്സഹായതയെ ചൂഷണം ചെയ്യുന്നത്. നാളെ ഒരു പലസ്തീന്‍ അല്ലെങ്കില്‍ മറ്റൊരു കശ്മീര്‍ അറബിക്കടലില്‍ ഉണ്ടാവാതിരിക്കാന്‍, ഇന്ത്യ മുഴുവന്‍ കൊറോണ പോലെ പടരുന്ന ഒരു വലിയ ശക്തിയോടാണ് നാം പോരാടുന്നത്. കേവലം 80,000 പേര് മാത്രം കൂട്ടിയാല്‍ കൂടുന്നതല്ലല്ലോ അത്.

വയ്യായ്മ വന്നാല്‍ ഞങ്ങള്‍ ഓടി എത്തുന്നത് കേരളത്തിലോട്ടാണ്. ബിജെപിയെ തുരത്തിയവരാണ് കേരളം, അത് ഞങ്ങള്‍ക്ക് ഊര്‍ജമാണ്. എന്റെ എല്ലാ സൗഹൃദങ്ങള്‍ക്കും ലക്ഷദ്വീപില്‍ വരാന്‍ ആഗ്രഹമുള്ളവരാണ്. നാളെ അവിടെ അങ്ങനെ ഒരിടം ഉണ്ടെങ്കിലേ നമുക്കാ അറബിക്കടലിലെ പവിഴതുരുത്തുകള്‍ കാണാനൊക്കൂ. ഇവിടെ ദ്വീപ് ജനത നിസ്സഹായാരാണ് എല്ലാവരും.. കൂടെ കാണും എന്ന പ്രതീക്ഷയോടെ ഒരു ലക്ഷദ്വീപുകാരന്‍…??

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Firoz Nediyath Lakshadweep Praful Patel

ഫിറോസ് നെടിയത്ത്

We use cookies to give you the best possible experience. Learn more