ചെറുപ്പം മുതല്‍ യു.ഡി.എഫ് അനുഭാവി; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഫിറോസ് കുന്നംപറമ്പില്‍
Kerala News
ചെറുപ്പം മുതല്‍ യു.ഡി.എഫ് അനുഭാവി; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഫിറോസ് കുന്നംപറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th January 2021, 7:55 am

മലപ്പുറം: ഫിറോസ് കുന്നംപറമ്പില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കാമെന്ന ചര്‍ച്ചകള്‍ സജീവമാകവേ വിഷയത്തില്‍ പ്രതികരണവുമായി ഫിറോസ് രംഗത്ത്. വാര്‍ത്തകളില്‍ കണ്ടതല്ലാതെ തന്നെ് ആരും ഇതുവരെ മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് പറഞ്ഞ ഫിറോസ് താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെയും മുസ് ലിം ലീഗിന്റെയും പ്രവര്‍ത്തകനായ താന്‍ ചെറുപ്പം മുതല്‍ യു.ഡി.എഫ് അനുഭാവിയാണെന്നും ഫിറോസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ല. മന്ത്രി കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുമെന്നെല്ലാം ചില ഓണ്‍ലൈന്‍ ചാനലുകളിലും മറ്റും വന്ന വാര്‍ത്തകളില്‍ കണ്ടു.

എന്നെ ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും സമീപിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. ഞാന്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു. പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെ ബ്ലോക്ക് തല ഭാരവാഹിത്വം വഹിച്ചിരുന്നു. പിന്നീട് മുസ് ലിം ലീഗ് പ്രവര്‍ത്തകനായി. യൂത്ത് ലീഗിന്റെ നിയോജകമണ്ഡലം പ്രസിഡന്റായിരിക്കുന്ന സമയത്താണ് ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ യു.ഡി.എഫ് അനുഭാവിയാണ്. അതില്‍ മാറ്റമൊന്നും വന്നിട്ടില്ല.

എനിക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമില്ല. പക്ഷെ, ഞാന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഫിറോസ് കുന്നംപറമ്പില്‍ ഒരു ബിഗ് സീറോയായി നിന്നയാളാണ്. സാധാരണക്കാരനായ എന്ന പോലെ ഒരാളെ ഈ നിലയിലെത്തിച്ചത് ജനങ്ങളാണ്. അപ്പോള്‍ ഞാന്‍ എന്താവണമെന്ന് തീരുമാനിക്കേണ്ടതും ജനങ്ങളാണ്.’ ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.

മലപ്പുറത്തെ തവനൂര്‍ നിയോജകമണ്ഡലത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുമെന്ന നിലയില്‍ നിരവധി പ്രചരണങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഫിറോസിന് സീറ്റ് നല്‍കുമോയെന്ന കാര്യത്തില്‍ യു.ഡി.എഫ് ഇതുവരെ പ്രതികരിച്ചിട്ടല്ല. യു.ഡി.എഫ് പ്രചരണപരിപാടികളില്‍ ഫിറോസുണ്ടാകും എന്ന വാര്‍ത്തകളോടും യു.ഡി.എഫ് പ്രതികരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Firoz Kunnaparambil about contesting in Kerala Election 2021 says he is a UDF supporter