| Saturday, 13th February 2021, 8:09 pm

ചികിത്സയ്ക്കായി പിരിച്ച പണം തട്ടിയെടുത്തു; ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: രോഗിയായ കുട്ടിയുടെ ചികിത്സയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്‌യുടെയും ആരതിയുടെയും പരാതിയിലാണ് കേസെടുത്തത്.

കേസില്‍ മാനന്തവാടി പൊലീസ് ഫിറോസ് കുന്നംപറമ്പിലിന്റെ മൊഴി രേഖപ്പെടുത്തി.

മാനന്തവാടി സ്വദേശിയായ സഞ്ജയ്‌യുടെയും ആരതിയുടെയും കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ വന്‍കുടലിന് വലിപ്പക്കുറവായിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി കുഞ്ഞിന്‌റെ ദുരിത ജീവിതം പകര്‍ത്തി ഫിറോസ് കുന്നംപറമ്പില്‍ പണം പിരിച്ചു.

തുടര്‍ന്ന് സഞ്ജയ്‌യുടെയും ഫിറോസ് നിര്‍ദ്ദേശിച്ച മറ്റൊരാളുടെയും പേരില്‍ അക്കൗണ്ടും തുറന്നു. അക്കൗണ്ടില്‍ വന്ന പണം നിര്‍ബന്ധിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങിച്ച് ഫിറോസ് തട്ടിയെടുത്തെന്നാണ് മാതാപിതാക്കളുടെ പരാതി. കുട്ടിയുടെ ചികിത്സക്കുള്ള തുകപോലും ഫിറോസ് നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

അതേസമയം കുട്ടിയുടെ ചികിത്സയ്ക്കുള്ള പണം നല്‍കിയിട്ടുണ്ടെന്നാണ് ഫിറോസ് പറയുന്നത്. ബാക്കി വരുന്ന പണം രോഗികളായ മറ്റുള്ളവര്‍ക്ക് നല്‍കാമെന്ന് നേരത്തെ ധാരണയുണ്ടാക്കിയിരുന്നെന്നും ഇയാള്‍ പറയുന്നു.

നേരത്തെ ഈ മാതാപിതാക്കളുടെ പരാതി പുറത്തായതിന് പിന്നാലെ ഫിറോസ് കുന്നംപറമ്പില്‍ നല്‍കിയ മറുപടി വിവാദമായിരുന്നു. നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നുമാണ് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞത്.

തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ മാനസിക രോഗികള്‍ എന്നാണ് ഫിറോസ് വീഡിയോയില്‍ വിശേഷിപ്പിക്കുന്നത്.

ചികിത്സ ആവശ്യം കഴിഞ്ഞ് അക്കൗണ്ടില്‍ ബാക്കിവരുന്ന പിരിച്ചെടുത്ത പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വരുന്ന രോഗികളെയും അവരെ പിന്തുണയ്ക്കുന്ന മാനസിക രോഗികളെയും നടുറോഡിലിട്ട് തല്ലിക്കൊല്ലണം. അവരെ തീര്‍ക്കേണ്ട സമയം അതിക്രമിച്ചു എന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Firoz Kunnamparambil Fund Fraud Case Mananthavady Police

We use cookies to give you the best possible experience. Learn more