| Friday, 12th February 2021, 2:51 pm

ഇത്തരത്തിലുള്ള രോഗികളെയും ഇവരെ പിന്തുണയ്ക്കുന്നവരേയും നടുറോഡിലിട്ട് തല്ലിക്കൊല്ലണം; ഫിറോസ് കുന്നംപറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വയനാട്ടില്‍നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവേ വിവാദപരാമര്‍ശവുമായി ഫിറോസ് കുന്നംപറമ്പില്‍.

നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നുമാണ് ഫിറോസ് കുന്നംപറമ്പില്‍ വീഡിയോയില്‍ പറയുന്നത്.

കുഞ്ഞിന് ഏഴ് ലക്ഷം ഓപ്പറേഷന് വേണ്ടിടത്ത് പത്ത് ലക്ഷം രൂപ നല്‍കിയെന്നും പിരിഞ്ഞുകിട്ടിയ പണത്തിന്റെ ബാക്കി മറ്റൊരു രോഗിക്ക് നല്‍കിയെന്നും എന്നാല്‍ ഈ കുട്ടിയുടെ കുടുംബം പിന്നീട് അക്കൗണ്ടില്‍ വന്ന പണം അവര്‍ക്ക് തന്നെ തിരികെ നല്‍കണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നുമാണ് ഫിറോസ് വീഡിയോയില്‍ പറയുന്നത്.

അത് മറ്റൊരു രോഗിക്ക് നല്‍കിയതിനാല്‍ തരാര്‍ സാധിക്കില്ലെന്ന് താന്‍ പറഞ്ഞെന്നും എന്നാല്‍ അവര്‍ പോലും അധ്വാനിച്ചുണ്ടാക്കാത്ത പണത്തിന് വേണ്ടി തനിക്കെതിരെ ചിലര്‍ ആരോപണവുമായി എത്തിയിരിക്കുകയാണെന്നും ഫിറോസ് പറഞ്ഞു. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ മാനസിക രോഗികള്‍ എന്നാണ് ഫിറോസ് വീഡിയോയില്‍ വിശേഷിപ്പിക്കുന്നത്.

ചികിത്സ ആവശ്യം കഴിഞ്ഞ് അക്കൗണ്ടില്‍ ബാക്കിവരുന്ന പിരിച്ചെടുത്ത പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വരുന്ന രോഗികളെയും അവരെ പിന്തുണയ്ക്കുന്ന മാനസിക രോഗികളെയും നടുറോഡിലിട്ട് തല്ലിക്കൊല്ലണം. അവരെ തീര്‍ക്കേണ്ട സമയം അതിക്രമിച്ചു എന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്.

‘കുട്ടിയുടെ പ്രശ്‌നം കഴിഞ്ഞു. കുട്ടി സുഖമായി വീട്ടിലിരിക്കുകയാണ്. അവര്‍ അധ്വാനിച്ചുണ്ടാക്കിയ പൈസയല്ല. പാവപ്പെട്ട പ്രവാസികള്‍ ആയിരവും അഞ്ഞൂറും നൂറും പത്തുമൊക്കെയായി പിരിച്ചുതന്ന പൈസ ചികിത്സയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പൈസ തന്റേതാണെന്ന് പറഞ്ഞ് കരയുന്ന ഇത്തരത്തിലുള്ള രോഗികളെയും അവരെ കാണിച്ച് കള്ളപ്രചരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലേണ്ട സമയം അതിക്രമിച്ചു.

ഇവരെയൊക്കെ തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു. പക്ഷേ, ജനങ്ങളിപ്പോഴും കമന്റിട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ്. ഇതിനെയൊന്നും വിടരുത്. ഇത്തരം ആളുകളെയൊക്കെ തീര്‍ക്കേണ്ട സമയം കഴിഞ്ഞു. എന്തായാലും ഇതൊക്കെ അനുഭവിച്ചേ തീരൂ. നമ്മള്‍ ചെയ്യുന്നതിന്റെ കാര്യങ്ങള്‍ പൊതുജനത്തെ ബോധിപ്പിക്കുക എന്നത് നിസാരമായ കാര്യമാണ്. ഫിറോസിനെ അറസ്റ്റ് ചെയ്യണമെന്നാണ് പറഞ്ഞത്. വേഗം വന്നോളൂ പൊന്നുമക്കളേ’, ഫിറോസ് പറഞ്ഞു.

ഈ വീഡിയോയ്ക്ക് ശേഷം മറ്റൊരു കുറിപ്പും ഫിറോസ് ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. ‘സഹായം കിട്ടി കഴിഞ്ഞാല്‍ സഹായിച്ചവര്‍ കള്ളമ്മാരാവുന്ന അവസ്ഥ. 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികള്‍ക്ക് നല്‍കാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്.

ഇവരുടെ സ്റ്റേറ്റ്‌മെന്റ് പുറത്ത് വിട്ടാല്‍ കാണാം ആര്‍ക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവര്‍ക്ക് നല്‍കിയ പണം അവര്‍ എന്ത് ചെയ്തു എന്നും. സഞ്ജയ് ഒപ്പിടാതെ ഒരു രൂപ പോലും മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയില്ല. എന്തിന് അക്കൗണ്ടില്‍ എത്ര രൂപ വന്നു എന്നറിയുന്നതുപോലും സഞ്ജുവിന്റെ നമ്പരിലാണ്.

ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത്. 10 ലക്ഷം നല്‍കിയിട്ടും ചികിത്സക്ക് മുന്‍പ് 10 ലക്ഷം തീര്‍ന്നു എന്നും പറഞ്ഞ് വന്നു. പിന്നീട് രണ്ടാമത് വീഡിയോ ചെയ്യാന്‍ ആവശ്യപ്പെട്ടു. അത് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. പകരം ട്രസ്റ്റിന്ന് 1 ലക്ഷം രൂപ ചെക്ക് നല്‍കി ബാക്കി സര്‍ജറിക്കുള്ള സംഖ്യ ഞാന്‍ ആശുപത്രിയില്‍ കെട്ടിവച്ചു.

സര്‍ജറി കഴിഞ്ഞു ഇപ്പോള്‍ കുട്ടി സുഖമായിരിക്കുന്നു. കുട്ടിക്ക് പ്രോട്ടീന്‍ പൗഡര്‍ വാങ്ങണം. കക്കൂസ് ശരിയാക്കണം. വീട് ശരിയാക്കണം. ഇതൊന്നും ഞാന്‍ ചെയ്യേണ്ടതല്ല. ആരെയും മരണം വരെ നോക്കാനും കഴിയില്ല. അതൊക്കെ സഞ്ജയ് ആണ് ചെയ്യേണ്ടത്. ഒരാപത്തില്‍ സഹായിച്ചതിന് നമുക്ക് കിട്ടുന്ന കൂലിയെന്താണെന്ന് കണ്ടോ. അതില്‍ നിന്നും 1 രൂപ പോലും ഞാനോ എന്റെ ആവശ്യങ്ങള്‍ക്കോ എടുത്തിട്ടില്ല. സ്റ്റേറ്റ്മെന്റ് വരട്ടെ. നിങ്ങള്‍ തന്നെ കണ്ട് ബോധ്യപ്പെടു’.ഫിറോസ് ഫേസ്ബുക്കില്‍ എഴുതി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Firoz Kunnamparambil Comment against Patients

We use cookies to give you the best possible experience. Learn more