പാലക്കാട്: സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തെ വകവെക്കാതെ പുതിയ വീഡിയോയുമായി ഫുഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ. കഴിഞ്ഞ ദിവസം മയിലിനെ കറിവെക്കാന്‍ പോകുന്നു എന്ന് പറഞ്ഞുള്ള വീഡിയോയ്ക്ക് താഴെ ആക്രമണവുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ താന്‍ മയിലിനെ പാചകം ചെയ്യുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുന്നുവെന്ന സൂചനയാണ് രണ്ടാമത്തെ വീഡിയോയിലൂടെ ഫിറോസ് നല്‍കുന്നത്. ഷാര്‍ജയില്‍ മയിലിനെ വാങ്ങിക്കാന്‍ പോകുന്നതിന്റെ വീഡിയോയാണ് ഫിറോസ് ഏറ്റവും ഒടുവിലായി പുറത്ത് വിട്ടിരിക്കുന്നത്.
‘ഞാനിപ്പോള്‍ ഷാര്‍ജയിലാണ്. ഇവിടെ നമുക്ക് മയിലിനെ വാങ്ങാം, കറിവെക്കാം എന്തുവേണേലും ചെയ്യാം. പക്ഷെ നാട്ടില്‍ അതിനെ വാങ്ങിക്കുകയോ ഉപദ്രവിക്കുകയോ ചെയ്ത് കഴിഞ്ഞാല്‍, നോക്കിയാല്‍ പോലും പണിയാണ്,’ ഫിറോസ് വീഡിയോയില്‍ പറയുന്നു.
പാചകം ചെയ്യാനുള്ള മയിലിനെ വാങ്ങിയ ശേഷം ഒന്നുകില്‍ കറിവെക്കും അല്ലെങ്കില്‍ ഗ്രില്‍ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
ഇന്ത്യയില്‍ മയിലിനെ പിടിച്ച് കറിവെക്കുന്നതില്‍ വിലക്കുണ്ടെന്നും അതിനാലാണ് ദുബായിലെ ഫാമില്‍ നിന്ന് മയിലിനെ വാങ്ങി പാചകം ചെയ്യാന്‍ കാരണമെന്നും ഫിറോസ് ആദ്യ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
മയിലിനെ കറിവെക്കാനായി ദുബായിലേക്ക് എന്ന ക്യാപ്ഷനില്‍ പുറത്തുവിട്ട തന്റെ പുതിയ വീഡിയോക്ക് താഴെയാണ് സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ അക്രമവുമായി രംഗത്തെത്തിയത്. നാട്ടില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയുടെ വിവരണമാണ് വീഡിയോയുടെ ഇതിവൃത്തം.
ഇതിന് താഴെയാണ് ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്ന് പറഞ്ഞ് സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയത്.
പാലക്കാട് എലപ്പുള്ളിക്കടുത്ത ചുട്ടിപ്പാറ സ്വദേശിയാണ് യൂട്യൂബറായ ഫിറോസ്. ഗ്രാമീണ തനിമയില്‍ പാചകകൂട്ടൊരുക്കി പ്രേക്ഷകര്‍ക്ക് മുമ്പില്‍ വിളമ്പുന്ന വീഡിയോകളുമായാണ് അദ്ദേഹം എത്താറ്.
പാചകത്തിന്റെ ബാലപാഠങ്ങള്‍ അറിയാതെ പാചകക്കാരനായ വ്യക്തിയാണ് ഫിറോസ്. ഗള്‍ഫിലെ വെല്‍ഡര്‍ ജോലി ഉപേക്ഷിച്ച ഫിറോസ് നാട്ടിലെത്തിയ ശേഷമാണ് മലയാളികളുടെ ഇഷ്ടപ്പെട്ട യൂട്യൂബറായി മാറിയത്.