ഫിറോസ് ചുട്ടിപ്പാറയുടെ ‘ലൈവ്’ പാചകത്തിന്റെ ഹരത്തില്‍ കേരളീയത്തിലെ ഫുഡ് ഫെസ്റ്റ് വേദി. കപ്പയും ബീഫും തത്സമയം ഉണ്ടാക്കിയാണ് ‘വില്ലേജ് ഫുഡ് ചാനല്‍’ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ ഫിറോസ് ചുട്ടിപ്പാറ കേരളീയത്തിലെ സൂര്യകാന്തി വേദിയില്‍ താരമായത്.
റേഡിയോ ജോക്കി ഫിറോസിന്റെയും ലുലുവിന്റെയും കമന്ററി പരിപാടിക്ക് കൂടുതല്‍ മിഴിവേകി. മൂന്ന് മണിക്കൂര്‍ നീണ്ട തത്‌സമയ ഫുഡ് ഷോയുടെ ഇടയില്‍ കാണികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു.
ലൈവ് ഷോയില്‍ ഉണ്ടാക്കിയ കപ്പയും ബീഫും ഏവര്‍ക്കും വിളമ്പിയാണ് ഫിറോസ് ഷോ അവസാനിപ്പിച്ചത്. ഭക്ഷണ ശാലയിലെ പാചകത്തിനിടയില്‍ മറ്റു ഫുഡ് സ്റ്റാളുകളിലെ വിഭവങ്ങളായ പാലക്കാട്ട് നിന്നുള്ള രാമശ്ശേരി ഇഡലി, കോഴിക്കോടന്‍ ബിരിയാണി, തിരുവനന്തപുരത്തിന്റെ സ്വന്തം ബോളിയും പായസവും, കുട്ടനാടിന്റെ നാടന്‍ കരിമീന്‍ പൊള്ളിച്ചത്, അട്ടപ്പാടിയില്‍ നിന്ന് വനസുന്ദരി ഹെര്‍ബല്‍ ചിക്കനും രുചിക്കാന്‍ മറന്നില്ല.
തത്‌സമയ കുക്കിങ് ഷോയില്‍ കേരളീയം ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ എ.എ. റഹീം എം. പി, കണ്‍വീനര്‍ ശിഖാ സുരേന്ദ്രന്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍, യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ എന്നിവര്‍ പങ്കെടുത്തു.
Content highlight: Firoz Chuttippara at Keraleeyam