തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങൡലൂടെ പാവപ്പെട്ടവരുടെ ചികിത്സയ്‌ക്കെന്നും പറഞ്ഞ് പണം പിരിച്ചെടുത്ത് തട്ടിപ്പു നടത്തുന്നുവെന്നാരോപിച്ച് ആരോഗ്യമന്ത്രി മുഖ്യമന്ത്രിയ്ക്കു നല്‍കിയ പരാതി തനിക്കെതിരെയല്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്കില്‍ ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
‘ആരോഗ്യ മന്ത്രിക്ക് കിട്ടിയ പരാതിയിന്മേല്‍ നടപടി സ്വീകരിക്കുമെന്നേ അവര്‍ക്ക് പറയാന്‍ കഴിയൂ. അത് അവര്‍ പറഞ്ഞിട്ടുണ്ട്. അതിനെ തിരിച്ചുവലിച്ച് അത് ഫിറോസ് കുന്നംപറമ്പിലിന് എതിരാണെന്ന് പലയാളുകളും കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. അത് ശരിയല്ല. പലപ്പോഴും ഞങ്ങള് ചെയ്യുന്ന ഓരോ പ്രവര്‍ത്തനത്തേയും ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ച് അഭിനന്ദിക്കുകയാണ് പതിവ്. ‘ അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലൂടെ ചാരിറ്റി നടത്തുന്നവര്‍ക്കിടയില്‍ കള്ളനാണയങ്ങളുണ്ടെങ്കില്‍ അവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് പറഞ്ഞത്. നടപടിയെടുക്കണം എന്നു തന്നെയാണ് തനിക്കും പറയാനുള്ളതെന്നും ഫിറോസ് പറഞ്ഞു.
‘കാരണം ഒരിക്കലും സോഷ്യല്‍ മീഡിയ ചാരിറ്റി മേഖലയില്‍ അത്തരത്തിലുള്ളയാളുകള്‍ ഉണ്ടാവാന്‍ പാടില്ല. നമ്മളിത് തുടങ്ങിവെച്ചത് ധാരാളം പാവങ്ങള്‍ക്ക് താങ്ങും തണലുമാവാനാണ്. അയ്യായിരത്തിന്റെയോ പത്തായിരത്തിന്റെയോ ഒരു മൊബൈല്‍ കയ്യിലുണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ രോഗം കൊണ്ട് ദുരിതമനുഭവിക്കുന്നയാളുകള്‍ക്ക്, ആ മൊബൈല്‍ ക്യാമറയിലൂടെ അവന്റെ അവസ്ഥ പകര്‍ത്തി പുറം ലോകത്തെ അറിയിക്കുമ്പോള്‍ ആ കിട്ടുന്ന നാണയ തുണ്ടുകള്‍കൊണ്ട് മരുന്ന് വാങ്ങിക്കാനോ വിശപ്പ് അകറ്റാനോ തലചായ്ക്കാനൊരിടത്തിനു വേണ്ടിയോ അവര്‍ക്ക് സാധിക്കുമെങ്കില്‍ അതിനുവേണ്ടിയാണ് ഞങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടത്. ‘ അദ്ദേഹം വ്യക്തമാക്കി.