അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
World News
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th December 2020, 11:01 am

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇല്ലനോയ്‌സില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഡോണ്‍ കാര്‍ട്ടര്‍ ലൈന്‍സ് എന്ന ബൗളിംഗ് ഗെയിം നടക്കുന്ന ക്ലബിലാണ് വെടിവെപ്പുണ്ടായത്. വെടിവെച്ചതായി സംശയിക്കുന്ന ഒരാളെ പിടികൂടിയിടുണ്ടെന്ന് പൊലീസ് അറിയിച്ചു.

റോക്ക്‌ഫോര്‍ഡ് സിറ്റി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഡോണ്‍ കാര്‍ട്ടര്‍ ലൈന്‍സ് പരിസരത്തേക്ക് ആരും വരരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

‘ഇപ്പോഴും അന്വേഷണം നടന്നുവരികയാണ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത്രയുമാണ് ഇതുവരെ നല്‍കാനാകുന്ന വിവരങ്ങള്‍.’ പൊലീസ് ചീഫ് ഡാന്‍ ഒ’ഷീ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രണ്ടാഴ്ച മുന്‍പ് അമേരിക്കയിലെ പ്രധാന ക്രിസ്ത്യന്‍ ആരാധാനകേന്ദ്രങ്ങളിലൊന്നായ ന്യൂയോര്‍ക്കിലെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് സെന്റ്.ജോണ്‍ ദ ഡിവൈനില്‍ വെടിവെപ്പ് നടന്നിരുന്നു.

വൈകീട്ട് നാല് മണിയോടാണ് സംഭവം നടന്നത്. ക്രിസ്മസ് കരോള്‍ സംഗീതപരിപാടി അവസാനിച്ചതിന് തൊട്ടുപിന്നാലെ തോക്കുധാരിയായ ഒരാള്‍ ജനങ്ങള്‍ക്ക് നേരെ വെടിവെക്കാന്‍ തുടങ്ങുകയായിരുന്നു. പരിപാടിക്ക് സുരക്ഷയൊരുക്കാനായെത്തിയ പൊലീസ് ഉടനടി ഇയാളെ വെടിവെച്ച് കൊലപ്പെടുത്തി.

ഈ വെടിവെപ്പില്‍ പ്രതിയൊഴികെ ആരും കൊല്ലപ്പെട്ടിരുന്നില്ലെങ്കിലും സംഭവം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

അമേരിക്കയില്‍ നിരന്തരമായി വെടിവെപ്പ് സംഭവങ്ങള്‍ നടന്നിട്ടും തോക്ക് അടക്കമുള്ള ആയുധങ്ങള്‍ കൈവശം വെക്കാവുന്നത് സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്താത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Firing in USA, 3 killed