ഇംഫാൽ: മണിപ്പൂരിൽ തെങ്നൗപാൽ ജില്ലയിൽ വെടിവെപ്പിനെ തുടർന്ന് 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജില്ലയിലെ സൈബോളിനടുത്തുള്ള ലെയ്തു ഗ്രാമത്തിലെ രണ്ട് സായുധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി അധികൃതർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
‘ഈ പ്രദേശത്ത് നിന്ന് 10 കി.മീ അകലെയാണ് സുരക്ഷാ സേനയുള്ളത്. ഞങ്ങളുടെ സേന അവിടെ ചെന്നപ്പോൾ 13 മൃതദേഹങ്ങൾ കണ്ടെത്തി. എന്നാൽ മൃതശരീരങ്ങൾക്ക് സമീപം ആയുധങ്ങളൊന്നും കണ്ടെത്താൻ സാധിച്ചില്ല,’ ഒരു ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
കൊല്ലപ്പെട്ടവർ ലെയ്തു ഗ്രാമത്തിൽ ഉള്ളവരല്ലെന്നും പുറത്തുനിന്ന് വന്ന ആളുകൾ മറ്റൊരു സംഘവുമായി ഏറ്റുമുട്ടിയതാകാമെന്നുമാണ് അധികൃതരുടെ നിഗമനം.
പൊലീസ് സംഭവസ്ഥലത്ത് എത്തിയെന്നും അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം ഡിസംബർ മൂന്നിന് സംസ്ഥാനത്തെ ചില ഇടങ്ങളിലൊഴികെ ഇന്റർനെറ്റ് പുനസ്ഥാപിക്കുകയാണെന്ന് സർക്കാർ വിജ്ഞാപനമിറക്കി. ഡിസംബർ 28ന് ശേഷം ബാക്കിയുള്ള സ്ഥലങ്ങളിലും ഇന്റർനെറ്റ് പുനസ്ഥാപിക്കും.
സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഈ വർഷം മേയ് മാസം മുതൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരുന്നു. ഇടക്ക് വീണ്ടും പുനസ്ഥാപിച്ചിരുന്നെങ്കിലും പൂർണമായി സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമായിരുന്നില്ല.